കൊച്ചി: കൊവിഡ് താഴ്ത്തിയ തിരശീല ഉയർത്തി കൊച്ചിൻ ഗിന്നസ് വീണ്ടും മിമിക്രി വേദിയിലേക്ക്. മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്റ്റേജ് പ്രോഗ്രാമുകൾ നിറുത്തിവച്ചതോടെ പ്രതിസന്ധിയിലായ കലാകാരന്മാർക്ക് മൊത്തത്തിൽ പ്രതീക്ഷ നൽകുന്നതാണ് കൊച്ചിയിൽ നിന്നുള്ള പുതിയ വാർത്ത.

കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജ് പൂർവവിദ്യാർത്ഥികളുടെ യു.എ.യി യിലെ പ്രവാസി കൂട്ടായ്മയിലാണ് നീണ്ട ഇടവെള ഭേദിച്ച് ഗിന്നസ് താരങ്ങൾ ഓൺലൈനിൽ എത്തുന്നത്. സംഘടനയുടെ 33 ാമത് വാർഷികം, ''ബ്ലൂം-2020'' എന്ന പേരിൽ യു.എ.ഇ ദേശീയദിനമായ ഡിസംബർ 2ന് ആഘോഷിക്കും. ഇതോടനുബന്ധിച്ചാണ് വിവിധ പരിപാടികൾക്കൊപ്പം കൊച്ചിൻ ഗിന്നസിനും വേദിയൊരുക്കുന്നത്. കൊവിഡ് യാത്രവിലക്ക് ഉള്ളതിനാൽ കലാകാരന്മാർ കൊച്ചിയിലെ വേദിയിലാണ് പരിപാടി അവതരിപ്പിക്കുന്നത്. യു.എ.ഇ യിലെ ബ്ലൂം 2020 യുടെ ബാനറിന്റെ പശ്ചാത്തലത്തിൽ ഗിന്നസ് താരങ്ങൾ അവതരിപ്പിക്കുന്ന മിമിക്രിയും കോമഡി സ്കിറ്റുകളും വീഡിയോയിലാക്കി ഡിസംബർ 2ന് യു.എ.ഇയിൽ പ്രദർശിപ്പിക്കും. പരിപാടിയുടെ റിഹേഴ്സലും മറ്റ് തയ്യാറെടുപ്പുകളും പൂർത്തിയാതായി ഗിന്നസ് ട്രൂപ്പ് ഉടമകൂടിയായ കൊച്ചൻ കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ് പറഞ്ഞു. 2018 ലെ പ്രളയകാലം മുതൽ അനിശ്ചിതത്വത്തിലായ സ്റ്റേജ് പ്രോഗ്രാമുകൾ പഴയനിലയിൽ തിരിച്ചെത്താൻ ഇനിയുമേറെ കാത്തിരിക്കേണ്ടതുണ്ട്. എങ്കിലും അതിനിടയിൽ വീണുകിട്ടുന്ന ഇത്തരം വേദികൾ കലാകാരന്മാർക്ക് വലിയ ആശ്വാസമാണെന്നും പ്രസാദ് പറഞ്ഞു.

പ്രവാസി കൂട്ടായ്മ

1987-ൽ സ്ഥാപിതമായ കൊല്ലം ടി. കെ. എം എൻജീനീയറിംഗ് കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മ യു.എ.ഇ യിലെ പ്രമുഖ പ്രവാസി സംഘടനയാണ്. സമൂഹത്തിനുഗുണകരമായ നിരവധി പദ്ധതികൾ സംഘടന ഏറ്റെടുത്തു നടത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നസമയത്ത് യാത്രാപ്രതിസന്ധിയിൽപ്പെട്ട നിർദ്ധനരായ പ്രവാസികൾക്കുവേണ്ടി ഫ്ലൈ-ഹോം എന്ന പേരിൽ സൗജന്യ ചാർട്ടേർഡ് വിമാന സർവീസ് സംഘടിപ്പിച്ചത് ഇവരുടെ ശ്രേദ്ധേയമായ പ്രവർത്തനങ്ങളിലൊന്നായിരുന്നു.