കോതമംഗലം: മാമലക്കണ്ടത്ത് വനത്തിൽ മേയാൻവിട്ട പശുവിനെത്തേടിപ്പോയ വീട്ടമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. മാമലക്കണ്ടം വാഴയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ നളിനിയാണ് (52) ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വീടിനോട് ചേർന്ന് വനാതിർത്തിയിൽ മേയാൻവിട്ട പശുവിനെ തേടിപ്പോയ നളിനി ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ച് ചെന്ന ബന്ധുക്കളാണ് മൃതദേഹം കണ്ടത്. സമീപത്ത് ആനയുടെ പാദങ്ങൾ തെളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. തുടർന്ന് വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ഷിനോ, അഞ്ജു. മരുമക്കൾ: രമ്യ, പ്രതീപ്.