ksrtc
കെ.എസ്.ആർ.ടി .സി.യുടെ മൂവാറ്റുപുഴ ഡിപ്പോ നിർമ്മാണം പൂർത്തികരിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി .സി എം.ഡി.ബിജു പ്രഭാകർ വിലയിരുത്തുന്നു

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി .സി.യുടെ ഡിപ്പോ നിർമ്മാണം പൂർത്തികരിക്കുന്നതുമായി ബന്ധപ്പെട്ട് എം.ഡി.ബിജു പ്രഭാകർ സ്ഥലം സന്ദർശിച്ചു. 2020- 2021 സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗപ്പെടുത്തി അവശേഷിക്കുന്ന പണി പൂർത്തിയാക്കും. ഇലക്ട്രിക് വർക്കുകൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണവും കഴിഞ്ഞിട്ടില്ല. സ്വകാര്യ വ്യക്തികൾ കച്ചവടത്തിന് എടുത്തിട്ടുള്ള മുറികൾ തുറക്കുന്നതിന് അനുയോജ്യമായ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കും. പെട്രോൾ പമ്പ് പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ വേണ്ടി ഐ.ഒ.സി.യുമായി ചർച്ച നടത്തും. മിൽമയുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്റ്റാൾ പരിഗണനയിലാണ്. സ്വകാര്യ വാഹനങ്ങൾക്ക് ഫീസ് ക്രമീകരിച്ച് പാർക്കിംഗ് സൗകര്യം ഒരുക്കും. കെട്ടിട നിർമ്മാണ പ്രവർത്തനത്തിനാവശ്യമായ വേഗതയിലുള്ള നടപടികൾ പുരോഗമിക്കുകയാണ്. 180 ലക്ഷം രൂപ ചെലവഴിച്ച് യാർഡ് നിർമ്മാണം കഴിഞ്ഞ ശേഷം സ്റ്റാന്റ് തുറന്ന് കൊടുത്തിരുന്നു. എൽദോ എബ്രഹാം

എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് പണിയും ഉടൻ ആരംഭിക്കും.കേരളത്തിൽ നിർമ്മാണം പൂർത്തിയാകാത്ത തൊടുപുഴ, പത്തനംതിട്ട, മലപ്പുറം, മൂവാറ്റുപുഴ സ്റ്റാൻഡുകൾക്കാണ് സർക്കാർ കൂടുതൽ പരിഗണന നൽകി പണി പൂർത്തീകരിക്കുന്നത്.മൂവാറ്റുപുഴ ഡിപ്പോ സന്ദർശിച്ച എം.ഡി. ബിജു പ്രഭാകരനൊടൊപ്പം സിവിൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ശ്രീവൽസൻ , എ.ആർ, മൂവാറ്റുപുഴ യൂണിറ്റ് ഓഫീസർ സാജൻ സ്ക്കറിയ, ഡിപ്പോ എൻജിനിയർ വിനോദ് കെ.ഡി, കെ.എസ്.ആർ.ടി ഇ.എ ജില്ലാ സെക്രട്ടറി സജിത് ടി.എസ്.കുമാർ എന്നിവരുണ്ടായിരുന്നു.