ramesh-chennithala

കൊച്ചി : തദ്ദേശഭരണ സ്ഥാപനങ്ങളിലെ 2019 - 2020 വർഷത്തെ ഒാഡിറ്റ് നടപടികൾ നിറുത്തി വയ്ക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി.

പ്രാദേശികവികസനം, ദാരിദ്ര്യനിർമ്മാർജനം തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ പദ്ധതികളിലെ അഴിമതി മറച്ചുവയ്ക്കാനാണ് സംസ്ഥാന ഒാഡിറ്റ് ഡയറക്ടർ ഇത്തരമൊരു നിർദേശം നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.കേരള ലോക്കൽഫണ്ട് ഒാഡിറ്റ് നിയമപ്രകാരം ഒാരോ സാമ്പത്തികവർഷവും അവസാനിച്ച് നാലുമാസത്തിനകം തദ്ദേശ സ്ഥാപനങ്ങൾ കണക്കുകൾ ഒാഡിറ്റിനായി സമർപ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് ഏകീകൃതറിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന ഒാഡിറ്റ് ഡയറക്‌ടർ സർക്കാരിന് കൈമാറും. ഇതു മൂന്നുമാസത്തിനകം നിയമസഭയിൽ വയ്ക്കണമെന്നും നിയമത്തിൽ പറയുന്നു. ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് ലഭിക്കാനുള്ള മാർഗനിർദേശങ്ങൾ വന്നിട്ട് ഒാഡിറ്റിംഗ് നടത്തിയാൽ മതിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഒാഡിറ്റ് ഡയറക്ടർ ഇതു നിറുത്തിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ മേധാവികൾക്ക് കത്ത് നൽകിയത്. ധനകാര്യ കമ്മിഷന്റെ മാർഗനിർദേശങ്ങൾ കഴിഞ്ഞ ജൂണിൽ വന്നിരുന്നെന്നും ഇതു മറച്ചുവച്ചാണ് ഡയറക്ടർ കത്ത് നൽകിയതെന്നും ഹർജിയിൽ പറയുന്നു. .