mohanan

പള്ളുരുത്തി: പാഴ് വസ്തുക്കൾ വെറുതെ കളയരുത്. അതിൽ നിന്നും കരകൗശല വസ്തുക്കളുണ്ടാക്കാം. ചെറിയ വരുമാനവും നേടാം. പറയുന്നത് പള്ളുരുത്തി നമ്പ്യാപുരം റോഡിൽ പാട്ടപറമ്പിൽ സ്വദേശി മോഹനനാണ്. പ്രായം എഴുപത്തിയഞ്ച് പിന്നിട്ടെങ്കിലും പാഴ് വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതാണ് മോഹനന്റെ ഹോബി. ഓട്ടോറിക്ഷാ തൊഴിലാളിയാണ് മോഹനൻ. കൊവിഡിനെ തുടർന്ന് ജോലി ഇല്ലാതായതോടെ പൂർണ സമയവും കരകൗശ വസ്തുക്കൾ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. ഇപ്പോൾ വീട് നിറയെ നിർമ്മിച്ച കലാരൂപങ്ങളാണ്. ചിലതെല്ലാം വിറ്റുപോയി. ഇതിൽ കടൽകടന്നപോയ സൃഷ്ടികളുമുണ്ട്. പീരങ്കി മാതൃക മുതൽ മധുചഷകം, മുത്തശൻ ക്ളോക്ക്, ആവനാഴി, നെറ്റിപ്പട്ടം, പരശുരാമമഴു തുടങ്ങി രണ്ടായിരത്തോളം വസ്തുക്കൾ ഇതിനോടകം നിർമ്മിച്ചു.പള്ളുരുത്തിയിൽ മക്കളോടൊപ്പമാണ് താമസം. വീട്ടുകാരുടെ പൂർണ പിന്തുണയാണ് ഇത്രയുമധികം കലാസൃഷ്ടികൾ വിരിയാൻ കാരണമെന്ന് മോഹനൻ പറയുന്നു.