കൊച്ചി: സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തെന്ന് നടൻ ദേവൻ പറഞ്ഞു. തന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'നവകേരള പീപ്പിൾസ് പാർട്ടിയുടെ" നയങ്ങൾ വിശദീകരിക്കാൻ പ്രസ് ക്ലബിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും. ശബരിമല വിഷയത്തോടെ മുഖ്യമന്ത്രിയെ കേരളജനത മനസിലാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ 'അമ്മ"യുടെ നിലപാട് ശരിയല്ല. അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകൾ അനിവാര്യമാണ്. ബി.ജെ.പി മുന്നണിയിൽ ചേരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ല. സമാനചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാർത്ഥികൾക്ക് പിന്തുണയും സഹായവും നൽകും. ഒരു മുന്നണിയുമായും സഹകരിക്കാതെ സ്വന്തം ചിഹ്നത്തിൽ മത്സരിക്കും. പാർട്ടിയുടെ ഔദ്യോഗിക പതാകപ്രകാശനവും നടത്തി. പാർട്ടി വൈസ് ചെയർമാൻ ജോസ് ഫ്രാൻസിസ്, സംസ്ഥാന കൗൺസിൽ അംഗം ഡോ. നിസാം, യൂത്ത് വിംഗ് പ്രസിഡന്റ് അശോകൻ എന്നിവരും പങ്കെടുത്തു.