കൊച്ചി: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഡയറക്ടറായി തനിക്ക് അഞ്ചുവർഷം കൂടി കാലാവധി നീട്ടി നൽകിയത് റദ്ദാക്കിയ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സി.എ.ടി) ഉത്തരവു ചോദ്യംചെയ്ത് ഡോ. ആശ കിഷോർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇന്നലെ ഡിവിഷൻബെഞ്ചിന്റെ പരിഗണനയ്‌ക്കു വന്ന അപ്പീൽ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. കാലാവധി നീട്ടി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കഴിഞ്ഞ ജൂൺ രണ്ടിനു നൽകിയ ഉത്തരവാണ് കഴിഞ്ഞദിവസം സി.എ.ടി റദ്ദാക്കിയത്.
കാലാവധി നീട്ടിനൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് അധികാരമുണ്ടെന്നും പ്രസിഡന്റിന്റെ ഉത്തരവു നിയമപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. ആശ കിഷോർ അപ്പീൽ നൽകിയത്. രണ്ടാംതവണയാണ് ഡോ. ആശ കിഷോറിന് കാലാവധി നീട്ടിനൽകിയ വിഷയം ഹൈക്കോടതിയിലെത്തിയത്. ആശ കിഷോറിനെ ഡയറക്ടറായി തുടരാൻ അനുവദിക്കുന്നതിനെതിരെ ഡോ. സജിത് സുകുമാരൻ നൽകിയ ഹർജിയിൽ കാലാവധി നീട്ടി നൽകിയ ഉത്തരവ് സി.എ.ടി സ്റ്റേ ചെയ്തിരുന്നു.