കിഴക്കമ്പലം: കരനെൽകൃഷിയിലൂടെ നൂറുമേനി വിളയിച്ചെടുത്ത് കുടുംബ കൂട്ടായ്മ. കിഴക്കമ്പലം പഞ്ചായത്തിലെ കാരുകുളം വാർഡിലെ കുടുംബ കൂട്ടായ്മയാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാടശേഖരത്തിനു പുറമേ കരയിലും നെൽകൃഷി ചെയ്ത് നൂറുമേനി കൊയ്‌തെടുത്തത്. വിളവെടുപ്പ് കിഴക്കമ്പലം കൃഷി ഓഫീസർ ഗായത്രി, പഞ്ചായത്തംഗം അഡ്വ.കെ.പി. വിനോദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നെൽകൃഷിയ്ക്കു പുറമേ വാഴ, മരച്ചീനി, പച്ചക്കറി കൃഷികളും ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. ഒരു ഏക്കറിലേറെ പ്രദേശത്തെ ഇത്തരം കൃഷികളിൽ കുടുംബ കൂട്ടായ്മയ്‌ക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. പഞ്ചായത്തംഗം ഹാഫിസ് ഹൈദ്റാലി, കുടുംബ കൂട്ടായ്മയിലെ അംഗങ്ങളായ ജയകുമാർ, പി.ടി. രതീഷ്, ജോബിഷ് എന്നിവർ നേതൃത്വം നൽകി.