b

ആക്രമണം പെരുമ്പാവൂരിൽ, യുവാവ് അപകടനില തരണംചെയ്തു

പെരുമ്പാവൂർ: പണമിടപാടുകളിലെ തർക്കത്തെത്തുടർന്ന് അക്രമിസംഘം യുവാവിനെ വെട്ടിവീഴ്‌ത്തിയശേഷം വെടിവച്ചു. നെഞ്ചിൽ വെടിയേറ്റ തണ്ടേക്കാട് സാമ്പ്രിക്കൽ സലിമിന്റെ മകൻ ആദിൽ (30) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. വെടിവച്ചത് പെരുമ്പാവൂർ കണ്ടന്തറ സ്വദേശി നിസാറാണെന്നും ഇയാളോടൊപ്പം കാറിലെത്തിയ ഏഴംഗസംഘമാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.ഇന്നലെ വൈകിട്ട് പ്രധാന പ്രതികളടക്കമുള്ള അഞ്ചുപേർ പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ല. പൊലീസ് പറയുന്നത് : ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ എ.എം റോഡിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപത്താണ് സംഭവം. ആദിലിന്റെ വീട്ടിലെ വാഹനങ്ങൾ നിസാർ കുറച്ചുകാലം ഓടിച്ചിരുന്നു. പിന്നീട് ആദിലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് വെടിവയ്പ്പിൽ കലാശിച്ചത്. സംഭവദിവസം പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനായി ആദിലും സംഘവുമായി ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. രാത്രി വൈകി തിരിച്ച് പോകുംവഴി ആദിലിനെ കാറിടിച്ചുവീഴ്‌ത്തി കൊല്ലാനായിരുന്നു പദ്ധതി. ആദ്യ ഇടിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിൽ കിടന്ന ജെ.സി.ബിയിൽ ഇടിച്ചുതകർന്നതോടെ പദ്ധതി പാളി. തുടർന്ന് കാറിൽനിന്ന് പുറത്തിറങ്ങിയ സംഘാംഗങ്ങൾ ആദിലിനെ വെട്ടുകയും നിസാർ വെടിവയ്‌ക്കുകയുമായിരുന്നു. പ്രതികളുടേതെന്ന് സംശയിക്കുന്ന നമ്പർ പ്ലേറ്റില്ലാത്ത ഫോർച്യൂണർ കാർ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് തെരച്ചിലിൽ പ്രതികൾ കുടുങ്ങിയെന്നാണ് അഭ്യൂഹങ്ങൾ. സി.ഐ ജയകുമാറിന്റെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആലുവ റൂറൽ എസ്.പി കെ. കാർത്തിക് ഉൾപ്പെടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.