uae-consulate

കൊച്ചി : വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ യു.എ.ഇ കോൺസുലേറ്റിലെ മുൻ സാമ്പത്തികവിഭാഗം മേധാവിയും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള അഡി. സി.ജെ.എം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഡോളർ കടത്തിയ കേസിൽ മൂന്നാം പ്രതിയായ ഖാലിദിനെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കസ്റ്റംസ് നൽകിയ അപേക്ഷയിലാണ് ഉത്തരവ്.

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിൽ ജോലിയിലിരിക്കെ 1.30 കോടി രൂപ വിലവരുന്ന യു.എസ്. ഡോളർ വിദേശത്തേക്ക് ഖാലിദ് കടത്തിയെന്നാണ് കേസ്. ഡോളർ ഹാൻഡ് ബാഗിലാക്കി സ്വപ്നയുടെയും സരിത്തിന്റെയും അകമ്പടിയോടെയാണ് ഇയാൾ തിരുവനന്തപുരത്തു നിന്ന് മസ്കറ്റിലേക്ക് കടത്തിയത്. സ്വപ്നയും സരിത്തും ഇൗ യാത്രയിൽ ഖാലിദിനെ അനുഗമിച്ചിരുന്നു. തിരുവനന്തപുരം എയർപോർട്ടിലെ ചെക്കിംഗ് ഒഴിവാക്കുന്നതിനാണ് കൂടെ പോയതെന്നും മസ്കറ്റിൽ നിന്ന് പിന്നീടു തങ്ങൾ ദുബായിലേക്ക് പോയെന്നും സ്വപ്ന കസ്റ്റംസിനു മൊഴിനൽകിയിരുന്നു. ലൈഫ് മിഷൻ ഇടപാടിൽനിന്ന് തനിക്കു ലഭിച്ച കോഴപ്പണമാണ് ഖാലിദ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത്.

കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ ഖാലിദിന് നയതന്ത്ര പരിരക്ഷയുണ്ടോയെന്നതാണ് കോടതി പരിശോധിച്ചത്. ഖാലിദിനെ കോൺസുലേറ്റിലേക്ക് നിയമിക്കുന്നതിനുള്ള വിസക്ക് അനുമതിനൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയ കത്ത് ഇതിനുള്ള തെളിവായി കസ്റ്റംസ് ഹാജരാക്കി. ഖാലിദിനോ കുടുംബാംഗങ്ങൾക്കോ നയതന്ത്ര പരിരക്ഷയുണ്ടാവില്ലെന്നും ഇന്ത്യയിലെ സാമ്പത്തിക സാമൂഹ്യസുരക്ഷാ നിയന്ത്രണങ്ങൾ ഖാലിദിന് ബാധകമായിരിക്കുമെന്നും 2017ലെ കത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഖാലിദിനെതിരെ ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ആരോപിച്ചിട്ടുള്ളത്. ഇന്ത്യയും യു.എ.ഇയും തമ്മിലും ഇന്ത്യയും ഇൗജിപ്തും തമ്മിലും കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉഭയകക്ഷി കരാർ നിലവിലുണ്ട്. ഇതിനായി ജാമ്യമില്ലാ വാറണ്ട് ഉൾപ്പെടെയുള്ളവ ഹാജരാക്കി നയതന്ത്രചാനൽ വഴി ഖാലിദിനെ കേരളത്തിലെത്തിക്കാനാണ് കസ്റ്റംസ് നടപടികൾ സ്വീകരിച്ചത്.