ആലുവ: മണലിമുക്ക് ആലമ്പിള്ളി റോഡിൽ ഓടിക്കൊണ്ടിരുന്ന മിനിലോറി അഗ്നിക്കിരയായി. ലോറിയിലുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ ചാടിയിറങ്ങി രക്ഷപെട്ടു. ഡ്രൈവർക്ക് നിസാര പൊള്ളലേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഡ്രൈവർ കിഴക്കമ്പലം സ്വദേശി ഷൈജുവിനാണ് പൊള്ളലേറ്റത്. കളമശേരി ഗുഡ്ഷെഡിൽ നിന്നും സിമന്റ് എൻ.എ.ഡി ഭാഗത്ത് ഇറക്കിയശേഷം മടങ്ങുകയായിരുന്നു ലോറി. ലോറിയുടെ കാബിന് പിന്നിൽ സിമന്റ് ഇറക്കിയ ചുമട്ടുതൊഴിലാളികളും ഉണ്ടായിരുന്നു. കാബിനിൽ നിന്നും പുകവരുന്നത് കണ്ട് ലോറി വേഗത കുറച്ചതോടെ തൊഴിലാളികൾ ചാടിയിറങ്ങി. ഡ്രൈവർ ഇറങ്ങിയപ്പോഴേക്കും തീപിടിച്ചു. ഇതിനിടയിലാണ് പൊള്ളലേറ്റത്. വിവരമറിഞ്ഞ കളമശേരി പൊലീസാണ് സമീപത്തെ ഫയർ സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറിയത്.
ആലുവയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ തൃക്കാക്കരയിൽ നിന്നുള്ള സംഘവുമെത്തി. സ്റ്റേഷൻ ഓഫീസർമാരായ രഞ്ജിത്ത്കുമാർ, കെ.വി. അശോകൻ എന്നിവർ നേതൃത്വം നൽകി. ജനവാസം തീരെക്കുറഞ്ഞ മേഖലയായതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. കളമശേരി സ്വദേശി ജോർജ് ജോസഫിന്റേതാണ് ലോറി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
# എമർജൻസി നമ്പറിൽ മാറ്റം: 112
ആലുവ: സ്വകാര്യ മൊബൈൽ ഫോണുകളിൽനിന്നും എമർജൻസി നമ്പറുകളിലേക്ക് വിളിച്ചാൽ കോൾ കണക്ടാകുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സർക്കാർ എമർജൻസി നമ്പർ ഏകീകരിച്ചത്. വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് പലതരം എമർജൻസി നമ്പറുകളായിരുന്നു. ഇതിൽ മാറ്റംവരുത്തുകയും എല്ലാ വകുപ്പുകൾക്കുമായി 112 എമർജൻസി നമ്പറായി നിശ്ചയിക്കുകയും ചെയ്തു. 112ലൂടെ തിരുവന്തപുരത്തെ കൺട്രോൾ റൂമിൽ വിവരമറിയിച്ചാൽ നിമിഷങ്ങൾക്കകം ബന്ധപ്പെട്ട വകുപ്പിലെ ഓഫീസിൽ വിവരമെത്തും.