കൊച്ചി: ജോസ് ജംഗ്ഷനിൽ സ്ലാബില്ലാത്ത ഓടയിൽവീണ് പരിക്കേറ്റ ഐ.ടി.വിദഗ്ദ്ധയായ യുവതിക്ക്

മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം കൊച്ചി കോർപ്പറേഷൻ ഒരുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. 2017 ജൂലായ് 13ന് രാത്രിയിൽ ഷോപ്പിംഗിനുശേഷം ഭർത്താവിനൊപ്പം വടുതലയിലെ വീട്ടിലേക്ക് മടങ്ങാൻ കാറിനടുത്തേക്ക് നടക്കുന്നതിനിടയിലാണ് യുവതി ഓടയിൽ വീണത്. ആറാഴ്ചയ്ക്കകം തുക അനുവദിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജൂൺ 24ന് കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.സെപ്തംബർ 11ന് ചേർന്ന കൗൺസിൽ യോഗം തുക അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.

യുവതിയെ ഭർത്താവ് ഓടയിൽനിന്ന് രക്ഷിച്ചെങ്കിലും വാനിറ്റി ബാഗും അതിലുണ്ടായിരുന്ന പണവും ഓടയിലൂടെ ഒഴുകിപ്പോയി. കണ്ണുകൾക്ക് നീറ്റലും കണങ്കാലുകൾക്ക് വേദനയുമുണ്ടായി. തൊട്ടടുത്ത ഹോട്ടലിൽ മുറിയെടുത്ത് പുതിയ വസ്ത്രങ്ങൾ വാങ്ങി മാറിയാണ് വീട്ടിലേക്ക് മടങ്ങിയത്.

സ്ലാബില്ലാതെ ഓട തുറന്നുകിടന്നതു കാരണമാണ് പരാതിക്കാരി വീഴാനിടയായതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.