കൊച്ചി: പത്മസരോവരം പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ കായലിനുകുറുകേ നിർമ്മിച്ച താത്കാലിക ബണ്ട് പൊളിച്ചുകളയാൻ ഹൈക്കോടതി ഉത്തരവിട്ടു. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ നിർമ്മിച്ച ബണ്ട് പൊളിക്കാനുള്ള ഉത്തരവാദിത്വം കൊച്ചി നഗരസഭയ്ക്കും കൊച്ചി മെട്രോറെയിൽ ലിമിറ്റഡിനുമാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
കായലിനു കുറുകേ താത്കാലിക ബണ്ട് നിർമ്മിച്ചതോടെ വർഷകാലത്ത് വെള്ളക്കെട്ട് രൂക്ഷമാണെന്നും ബണ്ട് തുറന്നുവിടണമെന്നുമാവശ്യപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനും നഗരസഭയ്ക്കും നിവേദനം നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി ചിലവന്നൂർ സ്വദേശി മോഹൻദാസ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
പത്മസരോവരം പദ്ധതിയുടെ ഭാഗമായി കായലിനു കുറുകേ വാക്‌വേയും സൈക്കിൾട്രാക്കും നിർമ്മിക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായാണ് താത്കാലികബണ്ട് നിർമ്മിച്ചത്. ചിലവന്നൂർ കായൽ സി.ആർ.ഇസഡ് ഒന്നിൽ വരുന്ന പ്രദേശമായതിനാൽ ഇതിനു കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതിവേണം. വേലിയേറ്റത്തെത്തുടർന്നുള്ള നീരൊഴുക്കിന് സൈക്കിൾട്രാക്ക് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോസ്റ്റൽസോൺ മാനേജ്മെന്റ് അതോറിറ്റി ഇതിനായി നൽകിയ അപേക്ഷ നിരസിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ വീണ്ടും അപേക്ഷ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും മെട്രോറെയിൽ ലിമിറ്റഡിന്റെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്നാണ് താത്കാലിക ബണ്ട് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. ചിലവന്നൂർ കായലിനു കുറുകേ വാക്‌വേയും സൈക്കിൾട്രാക്കും നിർമ്മിക്കാൻ 2005 ലാണ് നഗരസഭ തീരുമാനിച്ചത്. പിന്നീടാണ് കൊച്ചി മെട്രോയെ ഇതിന്റെ നിർമ്മാണച്ചുമതല ഏൽപ്പിച്ചത്.