പെരുമ്പാവൂർ: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള വാക്കുതർക്കത്തെത്തുടർന്ന് ഒരാൾ തലയ്ക്കടിയേറ്റ് മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ കുംഭകോണം സ്വദേശി മണിയാണ് (40) മരിച്ചത്. സുഹൃത്തുക്കളും തമിഴ്നാട്ടുകാരുമായ രാജ (32), ഭരത് (30) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സി.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: കൂലിപ്പണിക്കാരായ മൂന്നുപേരും പെരുമ്പാവൂർ മൗണ്ട് സീനായി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ ഒരുമിച്ചാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. വൈകിട്ട് മദ്യം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിയൊരുക്കിയത്. കല്ലിനിടിച്ചതിനെത്തുടർന്ന് മണിയുടെ തലയ്ക്കും മുഖത്തിനുമാണ് പരിക്ക്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.