ആലുവ: സീറ്റ് തർക്കത്തെ തുടർന്ന് ആലുവയിൽ സി.പി.എം - സി.പി.ഐ ഭിന്നത രൂക്ഷമായി. ആലുവ നഗരസഭ, കീഴ്മാട്, എടത്തല പഞ്ചായത്തുകളിലാണ് ഭിന്നത രൂക്ഷമായിട്ടുള്ളത്. രണ്ടിടത്ത് സീറ്റ് വെട്ടിപ്പിടിക്കാൻ സി.പി.എം ശ്രമിക്കുന്നതാണെങ്കിൽ ആലുവ നഗരസഭയിൽ സീറ്റ് വെച്ചുമാറ്റമാണ് തർക്കത്തിന് കാരണമായത്.
ആലുവ നഗരസഭയിൽ സി.പി.ഐയുടെ സിറ്റിംഗ് സീറ്റാണ് സി.പി.എം ആവശ്യപ്പെടുന്നത്. പകരം വാഗ്ദാനം ചെയ്യുന്നതാകട്ടെ കഴിഞ്ഞ തവണ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം നാലാം സ്ഥാനത്തായ വാർഡും. ഇത് അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് നഗരത്തിലെ സി.പി.ഐ പ്രവർത്തകർ. കീഴ്മാടിൽ മൂന്ന് സീറ്റാണ് സി.പി.ഐക്കുണ്ടായിരുന്നത്. ഇക്കുറി 16 -ാം വാർഡ് വിട്ടു തരില്ലെന്ന നിലപാടിലാണ് സി.പി.എം. അംഗീകരിക്കില്ലെന്ന് സി.പി.ഐയും നിലപാട് സ്വീകരിച്ചതോടെ പ്രശ്നമായി. മാത്രമല്ല, 16 -ാം വാർഡിൽ സി.പി.ഐ ബ്രാഞ്ചിൽ വിഷയം ചർച്ചക്ക് വന്നതോടെ പ്രകോപിതരായി ഒരു വിഭാഗം ഇറങ്ങിപ്പോക്കും നടത്തി. സീറ്റ് നഷ്ടപ്പെടുത്തിയാൽ പ്രവർത്തകർ പാർട്ടി വിടുമെന്ന ഭീതിയും സി.പി.ഐ നേതൃത്വത്തിനുണ്ട്.
കഴിഞ്ഞ തവണ സി.പി.ഐ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച 13ാം വാർഡിലെ വനിത പ്രതിനിധി സത്യപ്രതിജ്ഞക്ക് മുമ്പേ സി.പി.എമ്മിലേക്ക് ചേക്കേറിയത് വിവാദമായിരുന്നു. മത്സരിക്കുന്നതിനായി സി.പി.ഐ ജില്ലാ സെക്രട്ടറിക്ക് എഴുതി നൽകിയ കത്തിലെ മഷിയുണങ്ങും മുമ്പേയായിരുന്നു കൂടുമാറ്റം. അതിനാൽ ഇവിടെ സി.പി.ഐ കൂടുതൽ കരുതലോടെയാണ് നീങ്ങുന്നത്. സി.പി.ഐക്ക് സീറ്റ് നൽകിയാൽ സ്ഥാനാർത്ഥികളെയും നൽകേണ്ട അവസ്ഥയാണെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്.
എടത്തലയിൽ അടുത്തിടെ ഒരു സി.പി.ഐ പ്രവർത്തകന്റെ നേതൃത്വത്തിൽ ചിലർ സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതിന്റെ പേരിലാണ് നാല് സീറ്റുണ്ടായിരുന്ന പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം മൂന്നായി കുറക്കാൻ സി.പി.എം ചരടുവലിക്കുന്നത്. ആരെങ്കിലുമൊരാൾ പാർട്ടി വിട്ടാൽ സീറ്റും കൊണ്ടല്ല പോകുന്നതെന്നാണ് സി.പി.ഐ പറയുന്നത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്നാണ് സി.പി.ഐ നിലപാട്.
രണ്ട് പാർട്ടികളുടെയും മണ്ഡലം - ഏരിയ സെക്രട്ടറിമാർ കൊവിഡ് ബാധിച്ചതിനാൽ അവധിയിലായിരുന്നു. പകരക്കാരായെത്തിയവർക്ക് പ്രശ്നം പരിഹരിക്കാനായില്ല. മൂന്നിടത്തെയും തർക്കം മണ്ഡലം തലത്തിൽ പരിഹരിക്കാൻ കഴിയാത്തതിനാൽ ജില്ലാ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.