തിരുവനന്തപുരം: ഭീമ ജുവലറി തിരുവനന്തപുരം ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് സംരംഭമായ അർബൻ സ്കേപ്പ് പ്രോപ്പർട്ടീസ് എൽ.എൽ.പിയും തോമസ് മുക്കാടൻ ഗ്രൂപ്പിന്റെ കാസ്പിയൻ ഗ്രൂപ്പും കൈകോർക്കുന്നു. മൂന്നു കെട്ടിടങ്ങളിലായി അഞ്ച്ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ടെക്പാർക്കാണ് ആദ്യസംരംഭം. അത്യാധുനിക സൗകര്യവും പ്രകൃതി സൗഹൃദനിർമ്മിതിയുമായ മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, ബംഗളുരു, ഹൈദരബാദ് എന്നിവിടങ്ങളിൽ പുതിയ സംരംഭം വിവിധ പദ്ധതികൾ ആരംഭിക്കും.
സ്വർണ ബിസിനസിൽ 96 വർഷത്തെ പാരമ്പര്യമുള്ള ഭീമ ജൂവലറി തിരുവനന്തപുരം ഗ്രൂപ്പിന്റെ ചെയർമാൻ ബി.ഗോവിന്ദനും മാനേജിംഗ് ഡയറക്ടർ എം.എസ്. സുഹാസും നേതൃത്വം നൽകുന്നതാണ് അർബൻ സ്കേപ്പ് പ്രോപ്പർട്ടീസ്. ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിൽ 20 വർഷത്തെ പാരമ്പര്യമുള്ള മുക്കാടൻ ഗ്രൂപ്പിന്റെ സാരഥി തോമസ് ചാക്കോ മുക്കാടൻ നേതൃത്വം നൽകുന്ന സ്ഥാപനമാണ് കാസ്പിയൻ ഗ്രൂപ്പ്.
വിശ്വാസ്യതയിലും കാര്യക്ഷമതയിലും മുന്നിൽ നിൽക്കുന്ന ഇരു സ്ഥാപനങ്ങളുടെയും ഏകോപനം വലിയ സാധ്യതകൾ തുറന്നു നൽകുന്നതായി തോമസ്ചാക്കോ മുക്കാടനും സുഹാസ് എം.എസും പറഞ്ഞു.