കളമശേരി: വാഹനം വാടകയ്ക്ക് നൽകിയ ശേഷം ഇതേ വാഹനം മോഷ്ടിച്ച് മറിച്ച് വില്ക്കുന്ന സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിലായി. മലപ്പുറം താഴെക്കോട് സ്വദേശി അബ്ദുൾ നജീബ് (46), ആലപ്പുഴ കായംകുളം സ്വദേശികളായ ജിനു ജോൺ ഡാനിയൽ (36), സജാദ് ( 22) എന്നിവരാണ് പിടിയിലായത്. തൃക്കാക്കര സ്വദേശി ഷിയാസിന്റെ പരാതിയിലാണ് അറസ്റ്റ്.
ഇന്നലെ വൈകിട്ടാണ് പ്രതികൾ പിടിയിലായത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ, മുക്കുപണ്ടം പണയം വച്ച് പണം തട്ടൽ തുടങ്ങി നിരവധി കേസുളിൽ പ്രതിയാണ് നജീവ്. സജാസ് വ്യാജ സ്വർണം വില്പന നടത്തുയാളാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. കേസിൽ അടൂർ സ്വദേശിയായ ശിവശങ്കരൻ കൂട്ടുപ്രതിയാണ്. ഇയാൾക്കായി അന്വേണം ആരംഭിച്ചിട്ടുണ്ട്.
ജിനുവും നജീബും ഒന്നിച്ച് ട്രാവൽ ഏജൻസി നടത്തിയിരുന്നു. ഇവരുടെ വാഹനം ശിവശങ്കരൻ സമാനരീതിയിൽ തട്ടിയെടുത്ത് വിറ്റു. തുടർന്ന് പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും ശിവശങ്കരനുമായി ഇരുവരും ബന്ധം സ്ഥാപിച്ചു. ശിവശങ്കരന്റെ സുഹൃത്താണ് സജാദ്. സംഘം വിപുലീരിച്ചതോടെ പ്രതികൾ വിവിധ ഇടങ്ങളിൽ പദ്ധതി നടപ്പാക്കി. തട്ടിയെടുത്ത് കൊണ്ടുവരുന്ന വാഹനങ്ങൾക്ക് വ്യാജ ആർ.സി ബുക്ക് നിർമ്മിക്കുന്നത് ശിവശങ്കരനാണ്. ഡി.സി.പി പി.ബി.രാജീവിന്റെ നിർദേശപ്രകാരം തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ.എം.ജിമോൻ, കളമശേരി ഇൻസ്‌പെക്ടർ സന്തോഷ്, അസി.കമ്മീഷണറുടെ സംഘത്തിലെ എസ്.ഐ.മാരായ സുരേഷ്, മധുസൂദനൻ , ജോസി, എഎസ്.ഐ ബിനു, സി.പി.ഒ മാരായ ഹരികുമാർ , ദിനിൽ, അനിൽകുമാർ , എം.കെ മാഹിൻ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്. മൂവരേയും കോടതിയിൽ ഹാജരാക്കി.
തട്ടിപ്പിന് ജി.പി.എസ് കൂട്ട്
വാടകയ്ക്ക് നൽകുന്ന വാഹനങ്ങളിൽ രഹസ്യമായി ജി.പി.എസ് ഘടുപ്പിക്കും. ശേഷം ട്രാക്ക് നോക്കി വാഹനം കണ്ടെത്തു. പിന്നീട് രഹസ്യമായി കടത്തിക്കൊണ്ടുവരികയാണ് സംഘം ചെയ്യുന്നത്. സംസ്ഥാനത്ത് നിരവധിപ്പേരെ ഇവർ കബളിപ്പിചതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.