കോലഞ്ചേരി: ഇക്കുറി തിരഞ്ഞെടുപ്പിലെ താരം മാസ്ക്കും, സാനിറ്റൈസറുമാണ്. ഏറെ പ്രത്യേകതകൾ കൊണ്ട് പുതുമ നിറഞ്ഞതാകും ഈ തിരഞ്ഞെടുപ്പ്.
• നോമിനേഷൻ സമർപ്പിക്കാൻ ആൾക്കൂട്ടമായി ചെന്നാൽ പടിക്ക് പറത്താക്കും. സ്ഥാനാർത്ഥിയുൾപ്പടെ മൂന്നു പേർക്കാണ് അനുമതി. മാസ്ക്ക് നിർബന്ധം. കൈ സോപ്പിട്ട് കഴുകാതെ ഹാളിൽ പ്രവേശനമില്ല.
• മാസ്ക്കും, കൈയ്യുറയും ഫേസ് ഷീൽഡും ധരിച്ചാകും വരണാധികാരി പത്രിക സ്വീകരിക്കുന്നത്. വാഹന ജാഥയുമായി പത്രാസു കാണിച്ചാൽ പിടി വീഴും, വരുന്നതിന് ഒറ്റ വാഹനം മാത്രം.
• സ്ഥാനാർത്ഥി ക്വാറന്റൈനിലായാൽ നിർദ്ദേശകന് പത്രിക നല്കാം.
• പ്രചാരണത്തിന് അഞ്ചു പേർ മാത്രം. അവരും കരുതണം സാനിറ്റൈസറും, മാസ്ക്കും.
• പോളിംഗ് സാമഗ്രികൾ കൈപ്പറ്റാൻ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും ഇത്തവണ ഉണ്ടാകില്ല.
• തിരഞ്ഞെടുപ്പ് സാമഗ്രികൾ പ്രത്യേകം ബസുകളിൽ കയറ്റി നൽകും. ഉദ്യേഗസ്ഥരുടെ മൊബൈലിലേക്ക് ബസ് നമ്പർ എസ്.എം.എസ് ആയി ലഭിക്കും. ഇത് ഒത്തുനോക്കി വണ്ടിയിൽ കയറിയിരുന്നാൽ മതി.
• നാലു ബൂത്തിന് ഒരു ബസ് വീതമാണ് അനുവദിക്കുന്നത്. 21 പേരാകും ഒരു ബസിൽ.
• പോളിംഗ് ബൂത്തിന് പുറത്ത് വെള്ളവും, സോപ്പും അകത്ത് സാനിറ്റൈസറുമുണ്ടാകും. ഒരു പോളിംഗ് സ്റ്റേഷനിലേയ്ക്ക് 7 ലീറ്റർ വീതമാണ് സാനിറ്റൈസർ എത്തിക്കുക. 5 ലീറ്ററിന്റെ ഒരു ബോട്ടിലും അര ലീറ്റർ വീതമുള്ള 4 ബോട്ടിലുമാണ് നൽകുന്നത്. വോട്ടേഴ്സ് സ്ളിപ്പ് വിതരണക്കാരും സാനിറ്റൈസർ കരുതണം.
• മാസ്ക്കില്ലാത്തവർക്ക് പോളിംഗ് ബൂത്തിൽ പ്രവേശനമില്ല. വോട്ടു ചെയ്യുന്നതിനു മുമ്പും, കഴിഞ്ഞും സാനിറ്റസർ നിർബന്ധമായും ഉപയോഗിക്കണം.
• തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ കൊവിഡ് പോസിറ്റീവായവർക്കും, ക്വാറന്റൈയിനിലുള്ളവർക്കും തപാൽ വോട്ടു ചെയ്യാം.
• വോട്ടെണ്ണുമ്പോഴും മാസ്ക്കും സാനിറ്റൈസറും നിർബന്ധം. • തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകമാനമായി 34,774 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിക്കുന്നത്.