കൊച്ചി : കേന്ദ്ര നഗരകാര്യ മന്ത്രാലയം 2021 ഒക്ടോബറിൽ സംഘടിപ്പിക്കുന്ന 14ാമത് അർബൻ മൊബിലിറ്റി ഇന്റർനാഷണൽ സമ്മേളനത്തിനും പ്രദർശനത്തിനും കൊച്ചി വേദിയാകും. കഴിഞ്ഞ ദിവസം ഓൺലൈനിൽ നടന്ന 13ാം സമ്മേളനത്തിലെ പ്രസംഗത്തിനിടയിൽ കേന്ദ്ര നഗരകാര്യ സെക്രട്ടറി ദുർഗശങ്കർ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 29 മുതൽ 31 വരെ നടക്കുന്ന സമ്മേളനത്തിന്റെ വിഷയം മൊബിലിറ്റി ഫോർ ഓൾ എന്നതാണ്. ഗതാഗത മേഖലയിൽ കൈവരിച്ച വളർച്ച കണക്കിലെടുത്താണ് സമ്മേളനത്തിന് കൊച്ചിയെ വേദിയാക്കുന്നത്. റോഡ്–ജല ഗതാഗതത്തിൽ സംയോജിത മാതൃക നടപ്പാക്കുന്ന രാജ്യത്തെ ആദ്യ നഗരമാണ് കൊച്ചി എന്നതാണ് പ്രധാന സവിശേഷത. കൊച്ചി മെട്രോ പദ്ധതിക്കു കീഴിൽ കൊച്ചിയിൽ നടപ്പാക്കിയ വിവിധ ഗതാഗത പദ്ധതികളും ദേശീയതലത്തിൽ കൊച്ചിയെ ശ്രദ്ധേയമാക്കി. ക്യാഷ്ലെസ് ടിക്കറ്റിംഗ്, തീമാറ്റിക് സ്റ്റേഷനുകൾ, ട്രാൻസ്ജെൻഡേഴ്സിനും സ്ത്രീകൾക്കും ഉയർന്ന തൊഴിലവസരം, മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി, വൈറ്റില മൊബിലിറ്റി ഹബ് എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്