കൊച്ചി: കായൽമേഖലയിൽ പഴയ ഹാർബർ പാലത്തിന് സമീപം മേജർഷിപ്പ് ഡോക്ക്‌യാർഡ് നിർമ്മാണം ഭാവിയിൽ അരൂർ, മരട്, വൈപ്പിൻ മേഖലകളിൽ കനത്ത വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന റിപ്പോർട്ട് ജലസേചനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പശ്ചിമകൊച്ചിയിലെ രാമേശ്വരം - കൽവത്തി കനാലിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി റെസിഡന്റ്സ് അസോസിയേഷൻ കോ -ഓർഡിനേഷൻ കമ്മിറ്റി നൽകിയ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. എറണാകുളം മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ ആർ. ബൈജുചന്ദ്രന്റെ നേതൃത്വത്തിൽ നാലു അസി. എൻജിനിയർമാർ തയ്യാറാക്കിയതാണ് പഠനറിപ്പോർട്ട്. പശ്ചിമകൊച്ചിയിലെ കനാലുകളുടെ നിലവിലെസ്ഥിതി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരോട് സിംഗിൾബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു.
റിപ്പോർട്ടിൽ നിന്ന്
മേജർ ഷിപ്പ് ഡോക്ക് യാർഡിന്റെ നിർമ്മാണം അപ്പർ കുട്ടനാട്, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിൽ നിന്നും വേമ്പനാട് കായലിലേക്കുള്ള നീരൊഴുക്കിനെ ബാധിക്കും. ഭാവിയിൽ അരൂർ, മരട്, വൈപ്പിൻ മേഖലകളിൽ വെള്ളപ്പൊക്കത്തിന് ഇതു കാരണമാകും.
കൽവത്തികനാലിന്റെ തുടക്കത്തിൽ കോസ്റ്റ്ഗാർഡ് നിർമ്മിക്കുന്ന ജെട്ടി ഭാവിയിൽ കനാലിലെ നീരൊഴുക്ക് തടസപ്പെടുത്തും.
പശ്ചിമകൊച്ചിയിലെ കനാലുകളുടെ യഥാർത്ഥവീതി ഒരുമീറ്റിൽ താഴെവരെ കുറഞ്ഞിട്ടുണ്ട്. കനാലുകളിൽ സസ്യങ്ങളും പായലും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടു. ഇവയുടെ ചില കൈവഴി കനാലുകൾ അപ്രത്യക്ഷവുമായി. പശ്ചിമകൊച്ചിയിലെ കനാലുകളിലെ ഒഴുക്ക് തടസപ്പെടുത്തുന്നവിധം ചെറുതും വലുതുമായി എൺപതോളം പാലങ്ങളും കലുങ്കുകളും നിർമ്മിച്ചിട്ടുണ്ട്.
മാന്ത്രകനാലിൽ കൊച്ചിൻ കോളേജ് മുതൽ മാന്ത്രപാലംവരെ മാലിന്യങ്ങളും പായലും അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചു. ഇൗ കനാൽ പോളക്കണ്ടം മാർക്കറ്റ് മുതൽ കഴുത്തുമുട്ട് പാലംവരെ ഇടുങ്ങിയ നിലയിലാണ്. ചുള്ളിക്കലിന് സമീപം മാന്ത്രകനാൽ സംരക്ഷിക്കാനുള്ള പ്രവൃത്തികൾ നഗരസഭ ചെയ്തപ്പോൾ തോടിന്റെ വീതികുറയ്ക്കുന്ന തരത്തിൽ കൈയേറ്റമുണ്ടായി.
അത്തിപ്പുഴ കനാലിൽ നിന്നുള്ള രണ്ടു ഉപകനാലുകൾ വർഷങ്ങളായി അവഗണനയിലാണ്. ജൂബിലി - സൗദി കനാലിന്റെ കുറേഭാഗം അപ്രത്യക്ഷമായിട്ടുണ്ട്. ഇതു വീണ്ടെടുക്കണം. പലഭാഗത്തും റോഡുണ്ടാക്കാനായി കനാലിനു മുകളിൽ സ്ളാബിട്ടിരിക്കുകയാണ്. റോഡിനായി 15 മീറ്റർ വീതിയുള്ള കനാൽ രണ്ടുമീറ്റർ വരെയാക്കി.
പള്ളുരുത്തി ഇന്ദിരാനഗർ റോഡിനു സമീപം പള്ളിക്കൽ തോടിന്റെ വീതി 15 മീറ്ററിൽനിന്ന് ഒന്നരമീറ്ററായി കുറഞ്ഞു. ജനസാന്ദ്രതകൂടിയ ഈ മേഖലയിൽ ശരിയായ മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാത്തതിനാൽ മാലിന്യങ്ങളും മലിനജലവും ഒഴുക്കിവിടുന്നത് കനാലിലേക്കാണ്. കുന്നുംപുറം മേഖലയിലെ വഞ്ചിക്കുളമെന്ന വലിയകുളം മാലിന്യങ്ങൾ നിക്ഷേപിച്ചുനികത്തി.
പരിഹാര നിർദ്ദേശങ്ങൾ :
തടസങ്ങൾനീക്കി കനാലുകൾ പരസ്പരം ബന്ധിപ്പിക്കണം
കനാലുകൾക്ക് വീതിനഷ്ടമായ ഭാഗങ്ങളിൽ വീതികൂട്ടണം
പണ്ടാരച്ചിറ ലൂക്ക കടത്തുചാലുകൾ നവീകരിക്കണം.
ഒഴുക്ക് സുഗമമാക്കുന്നവിധം ചില പാലങ്ങൾ പുനർനിർമിക്കണം.
സ്ലാബിട്ട് മൂടിയ തോടുകൾ തുറക്കണം.
മാലിന്യസംസ്കരണ പദ്ധതികൾ നടപ്പാക്കി കനാലിൽ മാലിന്യം തള്ളുന്നത് തടയണം.
കനാലുകളുടെ അതിർത്തി നിർണയിച്ചു ഭൂമി തിരിച്ചുപിടിക്കണം.
കനാലുകളെ സ്വാഭാവികരീതിയിൽ നിലനിർത്തണം.
കനാൽ പ്രദേശങ്ങളിലെ നിർമ്മാണത്തിന് മുൻകൂർ അനുമതി നിർബന്ധമാക്കണം.