കോലഞ്ചേരി : സ്വതന്ത്രന്മാരെ കാത്ത് പഴവും പച്ചക്കറിയും വീട്ടുപകരണങ്ങളും, ബാറ്റും സ്റ്റമ്പും വരെ ചിഹ്നങ്ങളായി കാത്തിരിക്കുന്നു. 19 ന് വൈകിട്ട് അഞ്ചു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
23 വരെ പിൻവലിക്കാൻ സമയമുണ്ട്. അതു കഴിഞ്ഞ് ചിഹ്നങ്ങൾ അനുവദിക്കും.
രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അംഗീകാരമില്ലാത്ത പാർട്ടിക്ക് ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് ഒരു ചിഹ്നം എല്ലാ സ്ഥാനാർത്ഥികൾക്കുമായി ആവശ്യപ്പെടാം.
അപരൻമാരെയാണ് സൂക്ഷിക്കേണ്ടത്. ഒറിജിനലിന്റെ ചിഹ്നവുമായി സാമ്യമുള്ളതാകും അവർ നോട്ടമിടുക. മുൻകൂട്ടി നിശ്ചയിച്ച ചിഹനമുള്ളത് ഏഴ് ദേശീയ പാർട്ടികൾക്കും, 24 സംസ്ഥാന പാർട്ടികൾക്കുമാണ്.
2044 പാർട്ടികളാണ് ഇന്ത്യയൊട്ടാകെ അംഗീകാരമില്ലാത്ത പാർട്ടികളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചിഹ്നങ്ങൾ ഇവ:-
വള, മാല, മോതിരം തുടങ്ങി ആഭരണങ്ങൾ, ബ്രഡ്, ബിസ്ക്കറ്റ് , കേക്ക്, ഐസ്ക്രീം തുടങ്ങിയ ഭക്ഷണ സാധനങ്ങൾ, കാപ്സിക്കം, കോളി ഫ്ളവർ, മുന്തിരി, പച്ചമുളക്, കപ്പലണ്ടി, പൈനാപ്പിൾ, തണ്ണിമത്തൻ തുടങ്ങി പഴം പച്ചക്കറികൾ, ഫ്രയിങ്ങ് പാൻ, ഗ്യാസ് സിലണ്ടർ, ഗ്യാസ് സ്റ്റൗ. മിക്സി, ഡിഷ് ആന്റിന, പ്രഷർകുക്കർ,ഫോൺ ചാർജർ എന്നിങ്ങനെ ഗൃഹോപകരണങ്ങൾ, ഫ്ളൂട്ട്, ഹാർമോണിയം, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങൾ, ബാറ്റും സ്റ്റമ്പും, ചെസ്ബോർഡ്, ഹോക്കിബോൾ, ടെന്നീസ് റാക്കറ്റ് തുടങ്ങി കളിയുപകരണങ്ങളും, ടൂത്ത്ബ്രഷ്, ഹെൽമെറ്റ്, നെയിൽകട്ടർ, സേഫ്റ്റി പിൻ എന്നിവയും ചിഹ്നങ്ങളായുണ്ട്.
❏പത്രികാ സമർപ്പണ സമയത്തു തന്നെ മൂന്നു ചിഹ്നങ്ങൾ ആവശ്യപ്പെടാം
❏ഒന്നിൽ കൂടുതൽ പേർ ഒരേ ചിഹ്നം ആവശ്യപ്പെട്ടാൽ നറുക്കിട്ടെടുക്കും