vipany
കർഷക വിപണി

കോലഞ്ചേരി: കാർഷിക മേഖലയിൽ അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് കാൽ നൂ​റ്റാണ്ട് പിന്നിടുന്ന ജില്ലയിലെ സ്വാശ്രയ കർഷക സമിതികൾ. പ്രളയത്തെത്തുടർന്നുണ്ടായ കനത്ത നഷ്ടം അതിജീവിച്ച കർഷക സമിതികൾ പിടിച്ചു നില്പിന്റെ പാതയിലാണ്.

കൃഷിയും, വിഷ രഹിത പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കുക, കൂടുതൽ കർഷകരെ കൃഷിയിലേക്ക് എത്തിക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ 1993 ലാണ് കൃഷി വകുപ്പിന്റെ കീഴിൽ വി.എഫ്.പി.സി.കെയു ടെ മേൽനോട്ടത്തിൽ ജില്ലയിൽ സ്വാശ്രയ കർഷക സമിതികൾ ആരംഭിച്ചത്. തിരുവാണിയൂർ, കുറുമശ്ശേരി എന്നിവിടങ്ങളിലാണ് ആദ്യ തുടക്കം.

22 സമിതികളിലായി 15000 ലധികം കർഷകർ

കാൽ നൂ​റ്റാണ്ട് പിന്നിടുമ്പോൾ 22 സമിതികളിലായി 15000 ലധികം കർഷകരുടെ വലിയ കൂട്ടായ്മയായി ഇത് മാറിക്കഴിഞ്ഞു. കിരമ്പാറ, നെടുങ്ങ പ്ര, കൂവപ്പടി, മലയാ​റ്റൂർ, തുറവുർ, അയ്യമ്പുഴ, കാഞ്ഞൂർ, കുറുമശ്ശേരി, കുന്നുകര, പുത്തൻവേലിക്കര, കടുങ്ങല്ലൂർ, കരുമാല്ലൂർ, നെടുമ്പാശ്ശേരി, തിരുവാണിയൂർ, വെങ്ങോല, മഴുവന്നൂർ, പോത്താനിക്കാട്, എടക്കാട്ടുവയൽ, ഇലഞ്ഞി, കക്കാട്, വാഴക്കുളം, മൂക്കന്നൂർ എന്നിവിടങ്ങളിലാണ് കർഷക സമിതികളും വിപണികളും പ്രവർത്തിക്കുന്നത്. ചുരുങ്ങിയത് അമ്പത് സെന്റിലെങ്കിലും കൃഷിയിറക്കുന്ന 300 കർഷകർ അംഗങ്ങളായുള്ളിടത്താണ് സ്വാശ്രയ കർഷക സമിതി രൂപീകരിക്കുന്നത്. ഇവിടങ്ങളിൽ കർഷകർക്കാവശ്യമായ വിത്തുകൾ, തൈകൾ, ടിഷ്യു കൾച്ചർ വാഴകൾ, കാർഷിക പരിശീലനം, ഇൻഷ്വറൻസ് പരിരക്ഷ, വിപണന സൗകര്യം എന്നിവയെല്ലാം ഏർപ്പെടുത്തുന്നുണ്ട്. സമിതികൾ ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വി​റ്റഴിക്കാനാണ് സ്വാശ്രയ കർഷക വിപണികൾ . കർഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന എക്‌സിക്യൂട്ടിവ് കമ്മ​റ്റിയാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്

പ്രളയം മുക്കിയ വിപണി

കഴിഞ്ഞ രണ്ട് പ്രളയവും, കൊവിഡെന്ന മഹാമാരിയും സ്വാശ്രയ കർഷക സമിതികളുടെ പ്രവർത്തനത്തേയും ദോഷകരമായി ബാധിച്ചു. ജില്ലയിലെ പുത്തൻവേലിക്കര, കുന്നുകര, കടുങ്ങല്ലൂർ, നെടുമ്പാശ്ശേരി, വാഴക്കുളം, കൂവപ്പടി തുടങ്ങിയ ഏഴ് സ്വാശ്രയ കർഷക വിപണികളാണ് ദിവസങ്ങളോളം വെള്ളത്തിനടിയിലായത്. ആഴ്ചയിൽ രണ്ട് ദിവസമുള്ള ചന്ത ലക്ഷ്യമിട്ട് സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന പച്ചക്കറി കളും കമ്പ്യൂട്ടർ അടക്കമുള്ള ഓഫീസ് ഉപകരണങ്ങളും നശിച്ചു. എല്ലാം മാസവും ഓഡി​റ്റ് നടത്തി സൂക്ഷിച്ചിരുന്ന രേഖകളും നശിച്ചു. 2017 - 18 സാമ്പത്തിക വർഷം 44.6 കോടി വി​റ്റു വരവുണ്ടായിരുന്ന സ്ഥാനത്ത് 2018 - 19 സാമ്പത്തിക വർഷം അത് 31 കോടിയായി കുറയുകയാണ് ചെയതത്. നടപ്പു സാമ്പത്തീക വർഷവും കണക്ക് കുറഞ്ഞു തന്നെയാകും.