കൊച്ചി: കൊച്ചി കോർപ്പറേഷനിലെ വോട്ടേഴ്സ് ലിസ്റ്റിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ വോട്ടുള്ളത് ഒരാൾക്ക് മാത്രമാണ്. ആ വോട്ടർ ഷെറിൻ ആന്റണി (21)പശ്ചിമകൊച്ചി നസ്രത്ത് ഡിവിഷനിൽ ജനകീയ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിന് ഇറങ്ങുകയാണ്.
നമ്മുടെ പയ്യനല്ലേ, അവനു തന്നെ വോട്ടെന്ന് അയൽഭാഗത്തുള്ളവർ ഷെറിന്റെ അമ്മയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ ഷെറിനായി മാറിയിട്ടും പഴയ രാഹുലിനെ നാട്ടുകാർക്ക് നല്ല ഓർമ്മയുണ്ട്. ആ സ്‌നേഹമെല്ലാം വോട്ടായി വീഴുമെന്ന പ്രതീക്ഷയിലാണ് ഷെറിൻ. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ ഭാഗമായെങ്കിലും ഇവർ ഇപ്പോഴും നസ്രത്തിലെ വീട്ടിൽ തന്നെയാണ് താമസം.
അവഗണനയിൽ മനം നൊന്ത്
ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടങ്ങാൻ ലക്ഷ്യമിട്ട ഹോട്ടൽ സംരംഭത്തിന് സഹായം തേടി ഏതാനും വർഷം മുമ്പ് കൊച്ചി മേയർ സൗമിനി ജെയിനെ സന്ദർശിച്ചുവെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ഞങ്ങൾക്ക് താമസസൗകര്യം കണ്ടെത്തണമെന്ന അപേക്ഷയും മേയർ നിരസിച്ചു . ഈ അവഗണനയ്ക്കെല്ലാം രാഷ്‌ട്രീയക്കാരെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് അന്ന് കോർപ്പറേഷൻ ഓഫീസിൽ നിന്ന് നിരാശയോടെ മടങ്ങുമ്പോൾ ഞാൻ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു. ആ വാശിയാണ് മത്സരിക്കാൻ പ്രേരണയായത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി സർക്കാർ പത്തു ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ഞങ്ങളിലേക്ക് എത്തുന്നില്ല. ട്രാൻസ്‌ജെൻഡേഴ്സിന് മാത്രമല്ല സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കെല്ലാം വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം. ഞങ്ങളുടെ ഒപ്പമുള്ള ഒരാൾ കണ്ണൂരിലെ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്.
ഷെറിൻ ആന്റണി മുൻ മെട്രോ ജീവനക്കാരി
കൊച്ചി മെട്രോയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന 23 ട്രാൻസ്‌ജെൻഡർമാരിൽ ഒരാളാണ് ഷെറിൻ. ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ രണ്ടു വർഷം ജോലി ചെയ്തു. ശമ്പളം ചികിത്സയ്ക്കും ജീവിതത്തിനും കൂടി തികയാതെ വന്നതോടെ ജോലി ഉപേക്ഷിച്ചു. കുടുംബശ്രീയുടെ സഹായത്തോടെ എന്തെങ്കിലും സംരംഭം തുടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്.
എല്ലാ ജില്ലയിലും ഒരു സീറ്റ് ട്രാൻസ്‌ജെൻഡറുകൾക്ക് വേണ്ടി മാറ്റിവയ്ക്കണമെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളോട് അഭ്യർത്ഥിച്ചുവെങ്കിലും അവർ ചെവികൊണ്ടില്ലെന്ന് ഷെറിൻ പറഞ്ഞു.