കൊച്ചി: വൈപ്പിൻ റോ റോ ജെട്ടിക്കുസമീപം വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിനു നൽകിയ ഭൂമി ജെട്ടിയിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിംഗിന് വിട്ടുകൊടുത്തു മറ്റൊരുത്തരവിറക്കിയ നഗരസഭയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു. വൈപ്പിൻ റോ റോ ജെട്ടിയിൽ എത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതു പ്രദേശവാസികൾക്ക് യാത്രാബുദ്ധിമുട്ടുണ്ടാക്കുന്നെന്നാരോപിച്ച് വൈപ്പിനിലെ ഹോപ്പ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. ജോൺസൺ നൽകിയ ഹർജിയിലാണ് വിമർശനം.
റോ റോ ജെട്ടിക്ക് സമീപത്തെ 50 സെന്റ് സ്ഥലം കഴിഞ്ഞവർഷം വാട്ടർമെട്രോ ടെർമിനൽ നിർമ്മിക്കാൻ കൊച്ചി മെട്രോയ്ക്ക് വിട്ടുകൊടുത്ത കൊച്ചി നഗരസഭ ഇതേഭൂമി ജെട്ടിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിഞ്ഞ ജനുവരിയിൽ അനുവദിച്ചു. നഗരസഭയുടെ നടപടി ഒന്നുകിൽ അശ്രദ്ധ കൊണ്ടാകാമെന്നും അല്ലെങ്കിൽ കണ്ണിൽ പൊടിയിടാനാണെന്നും ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് പറഞ്ഞു. റോ റോ ജെട്ടിക്ക് സമീപത്തെ നഗരസഭയുടെ 50 സെന്റ് സ്ഥലം പാർക്കിംഗിന് അനുവദിച്ചാൽ യാത്രാദുരിതം പരിഹരിക്കാൻ കഴിയുമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. നേരത്തെ ഇക്കാര്യം ഉന്നയിച്ച് നൽകിയ ഹർജിയിൽ ഹർജിക്കാരന്റെ നിവേദനം പരിഗണിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഇൗ സ്ഥലം പാർക്കിംഗിന് ഉപയോഗിക്കാമെന്ന് വ്യക്തമാക്കി നഗരസഭ ജനുവരി 30ന് ഉത്തരവിറക്കിയെങ്കിലും ഇതു പാലിച്ചില്ലെന്നാണ് ഇപ്പോഴത്തെ ഹർജിയിലെ ആക്ഷേപം. കൊച്ചി മെട്രോ അധികൃതർ വാട്ടർമെട്രോ നിർമ്മാണത്തിനായി ഇതേസ്ഥലത്തു പണിതുടങ്ങിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജിയിൽ ഹൈക്കോടതി നിർദേശിച്ചിട്ടും നഗരസഭ മറുപടി സത്യവാങ്മൂലം നൽകിയില്ല. എന്നാൽ ഭൂമി വാട്ടർ മെട്രോ ടെർമിനൽ നിർമ്മാണത്തിനായി വിട്ടുനൽകിയതാണെന്ന് കൊച്ചി മെട്രോയുടെ അഭിഭാഷകൻ അറിയിച്ചു. 2019 ജൂലായ് പത്തിന് ഭൂമി വാട്ടർമെട്രോ ടെർമിനൽ നിർമ്മാണത്തിനു വിട്ടുനൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചതാണെന്നും ഇക്കാര്യം 2019 ആഗസ്റ്റ് ഒന്നിന് നഗരസഭാ സെക്രട്ടറി കൊച്ചി മെട്രോയെ അറിയിച്ചതാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഹൈക്കോടതി പറഞ്ഞത്
എങ്ങനെയാണ് നഗരസഭയ്ക്ക് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കോടതി അത്ഭുതപ്പെടുന്നു. ഭൂമി വാട്ടർ മെട്രോ ടെർമിനൽ നിർമ്മാണത്തിനു വിട്ടുകൊടുത്തശേഷം പാർക്കിംഗ് അനുവദിച്ച് ഉത്തരവിറക്കാൻ കൊച്ചി നഗരസഭക്ക് കഴിയില്ല. പാർക്കിംഗിന് ഭൂമി നൽകാമെന്ന ഉത്തരവു നടപ്പാക്കാൻ നിർദ്ദേശിച്ചാൽ വാട്ടർ മെട്രോ പദ്ധതിയെ ബാധിക്കും. വലിയ തോതിലുള്ള പൊതുതാല്പര്യം മുൻനിറുത്തി ഹർജിക്കാരന്റെ ആവശ്യം അനുവദിക്കാനാവില്ല. വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ ഹർജിക്കാരൻ ഉന്നയിക്കുന്ന പ്രശ്നം പരിഹരിക്കപ്പെടുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കുന്നു. ഇതിനുശേഷവും പാർക്കിംഗ് മൂലം യാത്രാ പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കാൻ നഗരസഭക്ക് ബാദ്ധ്യതയുണ്ടെന്നും വിധിയിൽ പറയുന്നു.