കൊച്ചി : അതിവേഗം പ്രമേഹം പെരുകുന്ന നഗരമായി കൊച്ചി മാറുന്നു. കൊച്ചിയിലെ സ്വകാര്യ ലാബോറട്ടറിയിൽ രണ്ട് വർഷത്തിനിടെ പരിശോധിച്ച 73,427 സാമ്പിളുകളിൽ 16 ശതമാനത്തിലും രോഗനിയന്ത്രണം മോശം നിലയിലാണെന്ന് കണ്ടെത്തി.
പ്രമേഹനിയന്ത്രണം ദുർബലമായ നിലയിലെന്ന് കണ്ടെത്തിയ 24 ശതമാനം പേരും 20 നും 30 നുടയിൽ പ്രായമുള്ളവരാണ്. 22 ശതമാനം പേരും 30 നും 40 നും ഇടയിലും 19 ശതമാനം 40 നും 50 നുമിടയിലും പ്രായമുള്ളവരാണ്. 25 വയസിൽ താഴെ പ്രായമുള്ള നാലിൽ ഒരാളിൽ മുതിർന്നവരിൽ കണ്ടുവരുന്ന തീവ്രമായ പ്രമേഹമുള്ളതായി കണ്ടെത്തി. സാധാരണയായി 40-50 വയസിനിടയിലുള്ളവരിലാണ് ഇത് കാണപ്പെടുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ പഠനം പറയുന്നു. ശരീരം അനങ്ങാതെയുള്ള ജീവിതചര്യയും അമിതമായ അളവിൽ കലോറി അടങ്ങിയ ഭക്ഷണത്തിന്റെ ഉപഭോഗവും പ്രമേഹത്തിന്റെ അപകടസാദ്ധ്യത വർധിപ്പിക്കുന്നു. 20 - 30 വയസിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഈ നില തുടർന്നാൽ 2025 ആകുമ്പോഴേക്കും പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കരുതപ്പെടുന്നത്. സ്ത്രീകളിൽ പ്രമേഹ സാദ്ധ്യത കൂടുതലാണെന്നും സർവേ കണ്ടെത്തി. സ്ത്രീകളിൽ 16 ശതമാനം പേരിലും പ്രമേഹനിയന്ത്രണം തൃപ്തികരമല്ല. പുരുഷന്മാരിൽ 15 ശതമാനം ആണ്. മെട്രോപോളിസ് കൊച്ചി ലാബിൽ പരിശോധിച്ച സാമ്പിളുകളിൽ 27 ശതമാനവും 40- 50 വയസിനിടയിലുള്ള പ്രമേഹഘട്ടത്തിലാണ് തൃപ്തികരമല്ലാത്ത നിയന്ത്രണമുള്ളതെന്ന് കണ്ടെത്തി. പരിശോധിച്ച 25,000 സാമ്പിളുകളിൽ പ്രമേഹമില്ലെന്നും കണ്ടെത്തി.
കരുതൽ വേണം
ദ്രുതഗതിയിലുള്ള നഗരവത്കരണം, കായികാധ്വാനം തീരെക്കുറഞ്ഞ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, അനിയന്ത്രിതമായ മദ്യപാനം, പുകവലി എന്നിവ പ്രമേഹം ഉൾപ്പെടെ സാംക്രമികേതര രോഗങ്ങളുടെ വർദ്ധനവിന് കാരണമാണ്.
ഡോ.രമേഷ്‌കുമാർ
സി.ഇ.ഒ
സുധർമ്മ മെട്രോപോളിസ്