travel

കൊച്ചി: ദീപാവലി അവധിക്കാല യാത്രയ്ക്ക് സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിൽ കൊച്ചിക്ക് രണ്ടാം സ്ഥാനം. ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ടയിടം കൊച്ചിയാണ്. എന്നാൽ, മുൻവർഷത്തെപ്പോലെ വലിയ സംഘങ്ങളുടെ ബുക്കിംഗുകൾ ലഭിക്കുന്നില്ലെന്ന് ഹോട്ടൽ, ടൂറിസം ഏജൻസികൾ പറയുന്നു.

ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജയ്പൂരാണ് രാജ്യത്ത് മുന്നിൽ. രണ്ടാമത് കൊച്ചിയും. കൊച്ചിയിലെത്തി മൂന്നാർ, ആലപ്പുഴ, കുമരകം, തേക്കടി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയാണ് വടക്കേയിന്ത്യൻ സഞ്ചാരികളുടെ പതിവുരീതി. സഞ്ചാരികളുടെ എണ്ണം മുൻവർഷങ്ങളെക്കാൾ കുറവാണെങ്കിലും ഭൂരിപക്ഷം ഹോട്ടലുകളും മുറികളൊരുക്കിയിട്ടുണ്ട്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ കൊച്ചിയിലെത്താൻ താല്പര്യപ്പെടുന്നത്. വരും മാസങ്ങളിൽ ടൂറിസം മേഖലയിൽ കുതിപ്പു പ്രതീക്ഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് സംവിധാനമായ ഓയോയാണ് ദീപാവലി ബുക്കിംഗ് പ്രവണത പ്രകാരം കണക്കുകൾ തയ്യാറാക്കിയത്.

മൂന്നാറിന് പ്രിയമേറി

സഞ്ചാരികളിൽ 57 ശതമാനം പൂർണമായും വിനോദയാത്ര മാത്രം ഇഷ്ടപ്പെടുന്നവരാണ്. 61 ശതമാനം ലക്ഷ്യസ്ഥാനം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ മൂന്നാറിനൊപ്പം ഷിംല, മണാലി, ഊട്ടി, ഗംഗ്‌ടോക്ക് തുടങ്ങിയ കേന്ദ്രങ്ങളിൽ ബുക്കിംഗ് വർദ്ധിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ശുചിത്വമുള്ള താമസത്തിനായി തിരയുന്നവരാണ് 46 ശതമാനം ഉപയോക്താക്കൾ. യാത്ര ആസൂത്രണം ചെയ്യാൻ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ തേടുന്നുണ്ട്. യാത്രക്കാർക്ക് സുരക്ഷിതവും മനോഹരവുമായ അനുഭവം ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതിന് വിനോദസഞ്ചാര മേഖലയിലെ സംരംഭകങ്ങൾ ശ്രദ്ധ പുലർത്തുന്നുണ്ട്.