mla
മുടവൂർ പാടശേഖരം തരിശുരഹിതമാക്കുന്ന പ്രവർത്തനങ്ങൾ എൽദോഎബ്രാഹാം എം.എൽ.എ വിലയിരുത്തുന്നു

മൂവാറ്റുപുഴ:മുടവൂർ പാടശേഖരം തരിശുരഹിതമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 250 ഏക്കർ സ്ഥലം 25 വർഷമായി കൃഷി ചെയ്യാതെ കിടക്കുകയാണ്. തോടുകൾ ഇല്ലാതായി, മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞു. സ്വാഭാവിക നീരൊഴുക്കും ഇല്ലാതായി. കൃഷി ഇല്ലാതായതോടെ സമീപ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് ശക്തി പകരുന്നതാണ് മൂവാറ്റുപുഴയിലെ കാർഷിക മേഖലയിലെ ഇടപെടലുകളെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. കർഷകരുടെ കൂട്ടായ്മ ശക്തിപ്പെടുത്തി 350 ഏക്കർ തരിശ് നിലം നവംബർ അവസാനവാരത്തോടെ കൃഷിയോഗ്യമാക്കും.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ ഉല്പാദനം വർദ്ധിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. തൃശൂർ ജില്ലയിലെ അളഗപ്പനഗർ പഞ്ചായത്തിലെ സുവർണ്ണ ഹരിതസേനയക്ക് നേതൃത്വം നൽകുന്ന മുൻ പഞ്ചായത്തംഗം സുനിത ഷാജുവാണ് കൃഷി നടത്തുന്നത്. തരിശ് മാറ്റപ്പെടുന്നതിനെ കർഷകരും നാട്ടുകാരും ഉത്സവ പ്രതീതിയോടെയാണ് സ്വീകരിക്കുന്നത്. കൃഷി ഇടം സന്ദർശനത്തിന് എ.ഡി.എ.ടാനി തോമസ്, കൃഷി ഓഫീസർ എം.ബി.രശ്മി ,മുൻ പഞ്ചായത്തംഗങ്ങളായ പി.എ.അനിൽ ,കെ.ഇ.ഷിഹാബ് എന്നിവർ നേതൃത്വം നൽകി.