കുറുപ്പംപടി : പെരിയാർ വാലി കനാലുകളിൽ ജലവിതരണം ഡിസംബർ മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇതിന് മുൻപ് തന്നെ കനാലുകളിലെ 6.15 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിക്കും. ജലവിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തികരിക്കുന്നത്. വാർഷിക അറ്റകുറ്റപ്പണി, നവീകരണം, ഹെഡ് വർക്ക്‌സ് ഉൾപ്പെടെ ഒന്നാം ഘട്ടമായി അനുവദിച്ച 47 പ്രവൃത്തികൾ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ അനുമതി ലഭിച്ച 30 പ്രവൃത്തികൾക്ക് പഞ്ചായത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തികരിക്കുവാൻ സാധിച്ചിട്ടില്ല. ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമായിട്ടുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തികരിച്ചാൽ മാത്രമേ കനാലിലൂടെയുള്ള ജലവിതരണം ശരിയായ രീതിയിൽ നടക്കുകയുള്ളൂ. ഡിസംബർ മാസത്തിൽ ശുചികരണ പ്രവൃത്തികൾ പൂർത്തീകരിച്ചു ജലവിതരണം ആരംഭിച്ചാൽ മാത്രമേ കനാലിന്റെ അവസാന ഭാഗത്ത് ജലം എത്തിക്കുവാൻ സാധിക്കും. ശുചികരണം നടത്താതെ കനാൽ തുറക്കുന്നത് വെള്ളം കെട്ടി നിന്ന് ഒഴുക്ക് തടസപ്പെടുകയും കനാൽ ബണ്ട് തകരുന്നതിനും കാരണമാവുകയും ചെയ്യും.

ജലവിതരണത്തിന് മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തികരിച്ചില്ലെങ്കിൽ അടുത്ത വർഷം മാത്രമാണ് പദ്ധതികൾ ആരംഭിക്കുവാൻ സാധിക്കുകയുള്ളൂ. അങ്ങനെ വന്നാൽ ഈ വർഷത്തെ ജലവിതരണത്തെ അത് ബാധിക്കും. ഇതിന് പുറമെ പ്രളയത്തിൽ തകർന്ന കനാലുകളുടെ പുനരുദ്ധാരണത്തിനായി ടെൻഡർ ചെയ്ത 3 പ്രവൃത്തികൾക്ക് കൂടി അനുമതി നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു