കൊച്ചി:ഫാഷൻ ഗോൾഡ് ജുവലറി നിക്ഷേപ തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി ഖമറുദ്ദീൻ എം.എൽ.എ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഒാഹരിയുടമകൾക്ക് ലാഭവിഹിതം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതി സിവിൽ കേസാണെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പൊലീസ് ക്രിമിനൽ കേസെടുത്തതെന്നുമുള്ള വാദം സിംഗിൾബെഞ്ച് അംഗീകരിച്ചില്ല.
തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം ഖമറുദ്ദീനാണെന്നും 71 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു. മുതിർന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ സമൂഹത്തിലുള്ള സ്ഥാനം ദുരുപയോഗം ചെയ്താണ് രണ്ടാം പ്രതിയായ ഖമറുദ്ദീൻ നിക്ഷേപങ്ങൾ സ്വീകരിച്ചത്.
കാസർകോട് ജില്ലയിൽ 9.34 കോടി രൂപയുടെയും കണ്ണൂർ ജില്ലയിൽ 3.86 കോടി രൂപയുടെയും തിരിമറി നടത്തിയിട്ടുണ്ട്. ലാഭവിഹിതത്തിന് അർഹതയുള്ള ഒാഹരിയുടമകളാക്കുമെന്ന ധാരണ സൃഷ്ടിച്ച് നിക്ഷേപകരിൽ നിന്ന് പണംവാങ്ങി വഞ്ചിച്ചെന്ന് സർക്കാർ വ്യക്തമാക്കി.
പണം വകമാറ്റി ചെലവഴിച്ചു. ബംഗളൂരുവിൽ എട്ടു കോടി രൂപ ചെലവിട്ട് ഒന്നാം പ്രതിയും മാനേജിംഗ് ഡയറക്ടറുമായ പൂക്കോയ തങ്ങളുടെ പേരിൽ സ്ഥലം വാങ്ങി. ഇൗ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഖമറുദ്ദീനെതിരെ ഇന്ത്യൻ ശിക്ഷ നിയമം, കേരളത്തിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്ന നിയമം, ബഡ്സ് ആക്ട് എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്നും സർക്കാർ വിശദീകരിച്ചു.
ഒാഹരിയുടമകളാക്കാമെന്നു പറഞ്ഞു പണം സ്വീകരിച്ചെന്ന പരാതി തള്ളിക്കളയാനാവില്ലെന്ന് സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. നിക്ഷേപകർ തുക ആവർത്തിച്ചാവശ്യപ്പെട്ടിട്ടും തിരിച്ചു നൽകാത്ത സാഹചര്യത്തിൽ കുറച്ചു പണം ഡിവിഡന്റായി നൽകിയതുകൊണ്ട് വഞ്ചിച്ചെന്ന സംശയം ഇല്ലാതാകുന്നില്ല. അന്വേഷണം ഇല്ലാതാക്കാൻ കഴിയില്ല. ഗൂഢാലോചന നടത്തിയാണോ നിക്ഷേപം സ്വീകരിച്ചതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ജാമ്യാപേക്ഷ തള്ളി
കാസർകോട്: ഫാഷൻ ഗോൾഡ് ജുവലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി എം.സി ഖമറുദ്ദീൻ എം.എൽ.എ സമർപ്പിച്ച ജാമ്യാപേക്ഷ ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. 11 കേസുകളിൽ കൂടി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്താൻ ജഡ്ജി ബി.കരുണാകരൻ അനുമതി നൽകി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച കോടതി നിരസിച്ചിരുന്നു. 77 കേസുകളിൽ അന്വേഷണം നടക്കുന്നതിനാൽ ജാമ്യം നൽകുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കുമാർ എതിർത്തു.
പരാതി സിവിൽ കേസായി പരിഗണിക്കേണ്ടതാണെന്നും പ്രമേഹ രോഗിയായതിനാൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ സി. കെ. ശ്രീധരൻ വാദിച്ചു.
25 കേസുകളിൽ അറസ്റ്റ്
എം. സി. ഖമറുദ്ദീന്റെ അറസ്റ്റ് 25 കേസുകളിൽ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഇന്നലെ 11 കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണിത്. മൂന്ന് കേസുകളിൽ നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അറസ്റ്റ് രേഖപ്പെടുത്തിയ മറ്റു കേസുകളിൽ ജാമ്യാപേക്ഷ നൽകിയിട്ടില്ല.