മൂവാറ്റുപുഴ: കപ്പവില കുത്തനെ ഇടിഞ്ഞതോടെ കപ്പ കർഷകർ കടക്കെണിയിലായി. തമിഴ്‌നാട് വ്യാവസായിക അടിസ്ഥാനത്തിൽ കപ്പ കൃഷി നടപ്പാക്കി ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. കപ്പയിൽ നിന്നു മൂല്യ വർദ്ധിത ഉല്പന്നങ്ങൾ തമിഴ്‌നാട്ടിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം സംവിധാനങ്ങളില്ല. വില ഇടിവ് പാട്ടത്തിനു സ്ഥലമെടുത്തു കൃഷി ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കി.
ജില്ലയുടെ കിഴക്കൻ മേഖലയിൽയിലെ ആരക്കുഴ, കുന്നത്തുനാട് ,വാളകം, പായിപ്ര എന്നിപഞ്ചായത്തുകളിൽ തരിശുകിടന്ന ഏക്കറുകണക്കിനു പാടങ്ങളിൽ കപ്പ കൃഷി വ്യാപകമാണ്. കൊവിഡ് മഹാമാരിയെ തുടർന്നാണ് കപ്പക്ക് ഡിമാന്റു കുറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് എല്ലാവരും വീട്ടിലിരിപ്പായതോടെ പത്ത് സെന്റ് സ്ഥലമുള്ളവർ പോലും സ്വന്തം ആവശ്യത്തിനായി കപ്പയുൾപ്പടെയുള്ള കൃഷി ഇറക്കി.ആറ് മാസം കൊണ്ട് വിളവെടുക്കുന്ന കപ്പയാണ് അധികവും നട്ടത്. സ്വന്തം കുടികളിൽ കപ്പ ഉല്പാദിപ്പിക്കുവാൻ നാട്ടുകാർ തയ്യാറായത് കർഷകർക്ക് തിരിച്ചടിയായി.
30 ൽ നിന്ന് 10 രൂപയിലേക്ക്
കഴിഞ്ഞ വിളയെടുപ്പിൽ കിലോക്ക് മുപ്പതു രൂപ ലഭിച്ചിരുന്ന കപ്പക്ക് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത് പത്തു രൂപമാത്രമാണ് . ചില്ലറ വില ഇരുപതു രൂപ വരെയാണെങ്കിലും കർഷകർക്കു ലഭിക്കുന്നില്ല. വാങ്ങാൻ ആളില്ലാതായതോടെ ചോദിക്കുന്ന വിലക്ക് കപ്പ, പറിച്ചു നൽകേണ്ട അവസ്ഥയിലാണ് കർഷകർ. ഒരു കിലോ കപ്പയ്ക്ക് 12 രൂപ എങ്കിലും ലഭിച്ചാലെ അധ്വാനമുൾപ്പടെയുള്ള മുടക്കുമുതലിന്റെ ഫലം ഭാഗികമായെങ്കിലും ലഭിക്കൂ. മിക്ക കർഷകരും കൂലിക്ക് ആളെ വച്ചാണ് കൃഷി ഇറക്കുന്നത്. അമിതമായ കൂലി ചിലവും വളത്തിന്റെയും വില വർദ്ധനവുമെല്ലാം ഈ രംഗത്തെ കർഷകർക്ക് തിരിച്ചടിയാണ്.