നെടുമ്പാശേരി: അങ്കമാലി സേവാഭാരതി 2.75 കോടി രൂപ ചെലവിൽ പാറക്കടവിൽ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി സ്ഥാപിക്കുന്ന സുകർമ്മ വികാസകേന്ദ്രം 14ന് രാവിലെ പത്തിന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പരേതനായ ജയന്തൻ നമ്പൂതിരിയുടെ ഭാര്യ ലീല അന്തർജനം ദാനംനൽകിയ 71 സെന്റ് സ്ഥലത്താണ് 12000 ചതുരശ്രഅടി വിസ്തൃതിയിൽ നാലുകെട്ട് മാതൃകയിൽ മൂന്നുനിലകെട്ടിടം പൂർത്തീകരിച്ചിട്ടുള്ളത്. 100 പേരെ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലിപ്പിക്കുകയും 25 പേർക്ക് താമസ സൗകര്യത്തോടു കൂടിയ പരിശീലനവുമാണ് ഉദ്ദേശിക്കുന്നത്.

രാഷ്ട്രീയ സേവാഭാരതി ദേശീയ ഉപാദ്ധ്യക്ഷൻ പി.ഇ.ബി. മേനോൻ മുഖ്യപ്രഭാഷണം നടത്തും. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ലീല അന്തർജനത്തെ ആർ.എസ്.എസ് പ്രാന്തസഹ സേവാപ്രമുഖ് യു.എൻ. ഹരിദാസ് ആദരിക്കും. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ദീപാവലി സമർപ്പണം നിർവഹിക്കും. വൈകിട്ട് നാലിന് ദീപാവലി സദസും നടക്കും.

സേവാഭാരതി അങ്കമാലി പ്രസിഡന്റ് റിട്ട. മേജർ ഡോ: ജ്യോതിഷ് ആർ. നായർ, സുകർമ്മ വികാസകേന്ദ്രം ചെയർമാൻ ഡോ. എം.എൻ. വെങ്കിടേശ്വരൻ, കൺവീനർ കുഞ്ഞിരാമൻ പുതുശേരി, ഇ.കെ. കിരൺകുമാർ, സി.എൻ. ശശിധരൻ എന്നിവർ വിശദീകരിച്ചു.