#റബൽ ശല്യവും രാജിയും

ആലുവ: സ്ഥാനാർത്ഥി മോഹികളുടെ എണ്ണം കൂടിയതോടെ കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയിൽ പൊട്ടിത്തെറി. മുൻ മണ്ഡലം സെക്രട്ടറി റബൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മറ്റൊരു വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി തത്‌സ്ഥാനം രാജിവച്ചു.

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്ന പത്താം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് പാർട്ടി മുൻ നിയോജകമണ്ഡലം സെക്രട്ടറിയും കർഷകമോർച്ച ജില്ലാ സെക്രട്ടറിയുമായിരുന്ന ടി.ആർ. ഷാജി വിമതനായി പത്രിക നൽകുമെന്നറിയിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ഷാജിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. പാർട്ടി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റുമായ കെ.ആർ. റെജിയെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹം ഇവിടെ പ്രചരണവും ആരംഭിച്ചു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഈ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.

12 -ാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച കെ.വി. ഷൈമോൻ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഭാരവാഹിത്വം രാജിവെച്ചത്. പാർട്ടിയുടെ നയപരിപാടികളുമായി യോജിച്ച് പോകാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് രാജിയെങ്കിലും പിൻവലിപ്പിക്കാൻ കടുത്ത സമ്മർദമുണ്ട്. ഷൈമോൻ, രാജീവ് മുതിരക്കാട്, ദിനിൽ ദിനേശ് എന്നിവരുടെ പേരാണ് വാർഡ് കമ്മിറ്റി ശുപാർശ നടത്തിയതെങ്കിലും മറ്റൊരാളെ പാർട്ടി പരിഗണിച്ചതോടെയാണ് തർക്കമായത്. ഇവിടെയും കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒന്നാമതെത്തിയ വാർഡാണ്.

ചാലക്കൽ ആറാംവാർഡിലും സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആശയക്കുഴപ്പം പാർട്ടി പ്രവർത്തകരെ പ്രകോപിതരാക്കിയിട്ടുണ്ട്. കൂടിയാലോചനകളില്ലാതെ ചിലർ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം.