കൊച്ചി: കൊച്ചി നഗരത്തിലെ ആദ്യത്തെ സ്മാർട്ട് ബസ് ഇന്ന് സർവീസ് ആരംഭിക്കും. പ്രകൃതിവാതകത്തിലാണ് ബസ് ഓടുക.

കൊച്ചി സ്മാർട്ട് ബസ് കൺസോർഷ്യമാണ് ബസ് അവതരിപ്പിക്കുന്നത്. രാവിലെ 9.30 ന് വൈറ്റില മൊബിലിറ്റി ഹബിൽ നിന്നാണ് കന്നി സർവീസ്.

പുതുതായി രൂപീകരിച്ച കേരള മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സി.ഇ.ഒ ജാഫർ മാലിക് ബസിന് പച്ചക്കൊടി വീശും. വൈറ്റില - വൈറ്റില റൂട്ടിലാണ് സർവീസ്. രണ്ട് ദിവസത്തെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയാണ് സർവീസ് നടത്തുന്നത്.

കെ.എം.ആർ.എല്ലുമായി കരാർ ഒപ്പുവച്ച ഒരുകൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കൊച്ചി സ്മാർട്ട് ബസ് കൺസോർഷ്യത്തിലെ അംഗങ്ങൾ. ആക്സിസ് ബാങ്ക്, ലെക്കനാവിയ ഇൻഫോ സാെലൂഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ബസുകളിൽ സ്മാർട്ട് സൗകര്യങ്ങൾ ഒരുക്കുന്നത്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് ടിക്കറ്റിംഗ്, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ബസ് എവിടെയെന്ന് കണ്ടെത്താവുന്ന സംവിധാനം, എമർജൻസി ബട്ടണുകൾ, നിരീക്ഷണ ക്യാമറകൾ, ലൈവ്സ്ട്രീമിംഗ്, വനിതാ ടിക്കറ്റ് ചെക്കിംഗ് ഇൻസ്പെക്ടർമാർ, ഓൺലൈൻ ടിക്കറ്റിംഗ് ആപ്പ് തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും.