പറവൂർ: ഹൈക്കോടതി വിധിയെത്തുടർന്ന് പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വനിതാസംവരണ വാർഡുകൾ തിരഞ്ഞെടുക്കുന്നതിനായി വീണ്ടും നറുക്കെടുപ്പ് നടത്തി. നേരത്തെ ജനറലായിരുന്ന കോട്ടയിൽ കോവിലകം അഞ്ചാംഡിവിഷനും ചെറിയപ്പിള്ളി ഏഴാംഡിവിഷനും വനിതാ സംവരണമായി. തുടർച്ചയായി മൂന്നാംതവണയും സംവരണ ഡിവിഷനുകളായ വാവക്കാട് പതിമൂന്നാം ഡിവിഷനും കൂനമ്മാവ് എട്ടാംഡിവിഷനും ഇതോടെ ജനറലായി. മാല്യങ്കര (1), ഗോതുരുത്ത് (3), ചേന്ദമംഗലം (4), കോട്ടുവള്ളി (9), പട്ടണം (12) എന്നിവയാണ് മറ്റു വനിതാസംവരണ ഡിവിഷനുകൾ. പതിനൊന്നാം ഡിവിഷൻ ഏഴിക്കര പട്ടികജാതി ജനറൽ വിഭാഗത്തിനാണ്.
# നഗരസഭ രണ്ടാംവാർഡ് വനിതാസംവരണം തന്നെ
പറവൂർ: പറവൂർ നഗരസഭ രണ്ടാം വാർഡ് വനിതാസംവരണമായി നിലനിൽക്കും. തുടർച്ചയായി മൂന്നുതവണ സംവരണമായതിനെത്തുടർന്ന് ഈ വാർഡ് ജനറൽ വിഭാഗത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടോബി മാമ്പിള്ളി നൽകിയ ഹർജി 87 തദ്ദേശസ്ഥാപനങ്ങളിൽ നിന്നെത്തിയ ഹർജികൾ തള്ളിയ കൂട്ടത്തിൽപ്പെട്ടു. വോട്ടെടുപ്പു തീയതികൾ പ്രഖ്യാപിച്ചശേഷം എത്തിയ ഹർജികൾ പരിഗണിക്കുന്നത് തിരഞ്ഞെടുപ്പ് വൈകാൻ കാരണമാകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചതിനാലാണ് തള്ളിയത്.