പെരുമ്പാവൂർ: പെരുമ്പാവൂർ മാവിൻചുവടിൽ യുവാവിന് നേരെ ആക്രമണം നടത്തുകയും വെടിയുതിർക്കുകയും ചെയ്ത കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല തണ്ടേക്കാട് മഠത്തുംപടി നിസാർ (33), സഹോദരൻ സഫീർ (27), വേങ്ങൂർ മാഞ്ഞൂരാൻ വീട്ടിൽ നിതിൻ (27), വെങ്ങോല തട്ടേക്കാടൻ പുത്തൻ വീട്ടിൽ അൽത്താഫ് (23), കൊടുത്താൻ വീട്ടിൽ ആഷിഖ് (25) എന്നിവരാണ് പിടിയിലായത്.
ബുധൻ പുലർച്ചെ നടന്ന സംഭവത്തിൽ തണ്ടേക്കാട് സാമ്പ്രിക്കൽ ആദിലിനാണ് (30) വെടിയേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ അപകടനില തരണം ചെയ്തു. ആദിലും പ്രതികളും സുഹൃത്തുക്കളുമായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോൻ, ഇൻസ്‌പെക്ടർമാരായ സി.ജയകുമാർ, ബേസിൽ തോമസ്, എസ്.ഐ. മാരായ റിൻസ്.എം. തോമസ്, സനീഷ് ടി.ആർ, എസ്.സി.പി.ഒ. മാരായ നൗഷാദ് കെ..എ, ഷിബു പി.എ എന്നിവരാണ് അന്വേഷണസംഘത്തിലുളളത്.
പ്രതികൾക്ക് നേരെ ആക്രമണത്തിന് ശ്രമം
ഇന്നലെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയ പ്രതികളെ ആക്രമിക്കാനും ഒരു സംഘം ശ്രമിച്ചു. ഫോർഡ് ഇക്കോ സ്‌പോർട് കാറിലെത്തിയവരെ പൊലീസ് നേരിടുകയായിരുന്നു. ഇവരിൽ ഒരാളെയും വാഹനവും പിടിച്ചെടുത്തു. വാഹനത്തിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ എസ്.ഐ റിൻസന് ചെറിയ പരിക്കേറ്റു. പിടിയിലായ പോഞ്ഞാശേരി സ്വദേശി കിഴക്കൻ വീട്ടിൽ റിൻഷാദാണ് പിടിയിലായത്. വെടിയേറ്റ ആദിലിന്റെ സുഹൃത്തായ ഇയാൾ മയക്കുമരുന്ന് കേസിലെ പ്രതിയുമാണ്.