കൊച്ചി: കോതമംഗലം മാർതോമ്മൻ ചെറിയപള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള ഉത്തരവു നടപ്പാക്കാൻ മൂന്നു മാസത്തെ സാവകാശം തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഒാർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളുമായി നടത്തുന്ന സമാധാന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും ഇതു പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്നുമാണ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
ചർച്ച നടക്കുകയാണെന്നും ബലം പ്രയോഗിച്ചു പള്ളി പിടിച്ചെടുത്താൽ ജീവനും വസ്തുവകകൾക്കും നാശനഷ്ടമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നും വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസും സത്യവാങ്മൂലം നൽകി. അടുത്തദിവസം ഇവ രണ്ടും ഹൈക്കോടതി പരിഗണിക്കും. പള്ളി ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ 2019 ഡിസംബർ മൂന്നിനാണ് ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒാർത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കോടതി ആവശ്യപ്പെട്ടാൽ കേന്ദ്ര സേനയുടെ സഹായം ലഭ്യമാക്കാമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഉറപ്പു നൽകി. തുടർന്ന് വിധി പറയാനിരിക്കെയാണ് സർക്കാർ കൂടുതൽ സമയം തേടിയത്.
സർക്കാർ പറഞ്ഞത്
കോടതിയോടുള്ള ബഹുമാനക്കുറവല്ല, സർക്കാരിന്റെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലാണ് വിധി നടപ്പാക്കാൻ വൈകുന്നത്. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി ഒാർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുടെ മേധാവികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ചർച്ചകളിൽ തീരുമാനമാകുംവരെ പ്രശ്നമുണ്ടാക്കില്ലെന്നും അവകാശവാദമുന്നയിക്കില്ലെന്നും ഇരുവിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. തർക്കങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ കോടതിയുടെ കർശന ഉത്തരവുകളുണ്ടാവുന്നത് സമാധാന ശ്രമങ്ങളെ ബാധിക്കും. തർക്കം രൂക്ഷമാകുന്നത് മലങ്കര സഭയിലെ കുടുംബബന്ധങ്ങളെയും സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തെയും ബാധിക്കും.