കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിൽ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നവംബർ 26 വരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് സമീപത്തെ ബോസ്റ്റൽ സ്കൂളിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. റിമാൻഡ് കാലയളവിലും നടുവേദനയ്ക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിലായത്.
ശിവശങ്കർ നൽകിയ ജാമ്യഹർജിയിൽ വാദം പൂർത്തിയായതിനെ തുർടന്ന് ഇതേ കോടതി നവംബർ 17ന് വിധി പറയും. സ്വർണക്കടത്തിനു പുറമേ, ലൈഫ് മിഷനടക്കമുള്ള സർക്കാർ പദ്ധതികളിലെ കോഴ ഇടപാടുകളിൽ സ്വപ‌്‌നാ സുരേഷ് മുഖംമൂടിയാണെന്നും ശിവശങ്കറാണ് യഥാർത്ഥ മുഖമെന്നും ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി വാദിച്ചു.സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതിനായി വാട്ട്സ് അപ്പ് സന്ദേശമടക്കമുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കി. ഇതിലെ വിവരങ്ങൾ ജാമ്യാപേക്ഷയുടെ വിധിയിൽ രേഖപ്പെടുത്തരുതെന്ന് ഇ.ഡി അപേക്ഷിച്ചിട്ടുണ്ട്.
കോടതി മുറിയിലെ വാദത്തിനൊപ്പം ഇ.ഡിക്കുവേണ്ടി അഡി.സൊളിസിറ്റർ ജനറൽ എസ്.വി. രാജു വീഡിയോ കോൺഫറൻസിംഗ് മുഖേന വാദിച്ചു.
ഇ.ഡിയുടെ വാദങ്ങൾ
ശിവശങ്കറിന്റെ അറിവോടെയാണ് സ്വർണക്കടത്തെന്ന് സ്വപ്ന സമ്മതിച്ചു.
സ്വർണക്കടത്തുകേസിലെ മുഖ്യപങ്കാളിയും ബുദ്ധി കേന്ദ്രവുമാണ്.
സ്വപ്നയുടെ ലോക്കറിലെ കള്ളപ്പണം ശിവശങ്കറിന്റേതാണ്.
ലോക്കറിൽ കണ്ടത് ശിവശങ്കറിനു ലഭിച്ച കോഴ
ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. കെ. ഫോൺ പദ്ധതിയിലും ക്രമക്കേടുണ്ടാകാം.
രണ്ടു ലോക്കർ ഉണ്ടായിരിക്കേ, മൂന്നാമതൊന്ന് എടുക്കാൻ സ്വപ്നയെ നിർബന്ധിച്ചത് കള്ളപ്പണം ഒളിപ്പിക്കാൻ
ശിവശങ്കറിന്റെ വാദങ്ങൾ
മതിയായ തെളിവുകളില്ല. കെ. ഫോൺ, സ്മാർട്ട് സിറ്റി പദ്ധതികളിൽ പങ്കില്ല. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്ന് പറയുന്ന ഇ.ഡി ഏത് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് വെളിപ്പെടുത്തുന്നില്ല. കാൾ ഡേറ്റ രേഖകളോ മൊഴികളോ പരിശോധിച്ചിട്ടില്ല. ഇ.ഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഒാഫീസാണ്. പിടിച്ചെടുത്ത പണം ശിവശങ്കറിനുള്ള കോഴയാണെന്ന് എട്ടു തവണ മൊഴിയെടുത്തപ്പോഴും സ്വപ്ന പറഞ്ഞില്ല. ഇപ്പോഴാണ് ആരോപണം ഉയർത്തുന്നത്.