court

കൊച്ചി : നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ സംഭവത്തിൽ ഇ.ഡി സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ നിന്ന് നിലപാടുകൾ ഇപ്പോൾ മാറിയിട്ടുണ്ടെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വാക്കാൽ നിരീക്ഷിച്ചു. സ്വർണക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വപ്‌നയുടെ ലോക്കറിൽ നിന്ന് എൻ.എ.എ പിടിച്ചെടുത്തതെന്നായിരുന്നു ആദ്യ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. ഇപ്പോൾ, ലൈഫ് മിഷൻ പദ്ധതിയിലൂടെ ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന് പറയുന്നു.

ഇ.ഡിയുടെ നിലപാട് മാറ്റം ശിവശങ്കറിനുവേണ്ടി ഹാജരായ അഡ്വ. ബി. രാമൻ പിള്ളയും അഡ്വ. എസ്. രാജീവുമാണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ സ്വപ്നയടക്കമുള്ള പ്രതികൾ തെറ്റിദ്ധരിപ്പിച്ചതിനാലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ വിശദീകരിച്ചു.

ഡിജിറ്റൽ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ജയിലിൽ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും ഇ.ഡിയുടെ അഭിഭാഷകൻ ടി.എ. ഉണ്ണിക്കൃഷ്‌ണൻ വ്യക്തമാക്കി. എന്നാൽ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണം സ്വർണക്കടത്തിലൂടെ നേടിയതാണോ എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

വിളിച്ചത് കൊച്ചിയിലെ ഉദ്യോഗസ്ഥനെ

നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്ന ഇ.ഡിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഭക്ഷണ സാധനങ്ങൾ ഉൾപ്പെട്ട പാക്കറ്റ് കൊച്ചിയിൽ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് വിളിച്ചത്. അതു കസ്റ്റംസിന്റെ ഭാഗത്തെ പിഴവായിരുന്നു. അവർ ബാഗ് വിട്ടു നൽകി. നയതന്ത്ര ബാഗ് തിരുവനന്തപുരം എയർപോർട്ടിലേക്കാണ് എത്തുന്നത്. അവിടെ ഒരു ഉദ്യോഗസ്ഥനെയും വിളിച്ചിരുന്നില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.