party

ആലുവ: സീറ്റ് വിഭജനത്തെ തുടർന്നുള്ള തർക്കത്തിൽ മുഖം തിരിച്ചുനിന്ന സി.പി.ഐയെ ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സി.പി.എം വരുതിയിലാക്കി. ഇതോടെ ആലുവ നഗരസഭ, കീഴ്മാട്, എടത്തല പഞ്ചായത്തുകളിലെ തർക്കം അവസാനിച്ചു. ഇന്നലെ ഇരുപാർട്ടികളുടെയും ജില്ലാസെക്രട്ടറിമാരുടെ സാന്നിദ്ധ്യത്തിൽ ലെനിൻ സെന്ററിൽ നടന്ന ചർച്ചയിലാണ് ധാരണ. സീറ്റ് വെട്ടിപ്പിടിക്കാനും വെച്ചുമാറാനുമുള്ള നീക്കമാണ് തർക്കത്തിന് വഴിയൊരുക്കിയത്. ധാരണപ്രകാരം ആലുവ നഗരസഭയിൽ സി.പി.ഐയുടെ സിറ്റിംഗ് സീറ്റായ അഞ്ചാം വാർഡ് സി.പി.എമ്മിന് വിട്ടുനൽകി. പകരം കഴിഞ്ഞ തവണ സി.പി.എം നാലാം സ്ഥാനത്തായ 10 -ാം വാർഡ് സി.പി.ഐക്ക് നൽകും. 2015 ൽ സി.പി.ഐക്ക് നൽകുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ വിട്ടുനൽകണമെന്ന രേഖാമൂലമുള്ള ധാരണ ഉണ്ടായിരുന്നുവെന്ന സി.പി.എം നിലപാട് ജില്ലാ നേതാക്കൾ അംഗീകരിച്ചു.

അതേസമയം, കീഴ്മാടിൽ സി.പി.ഐ പതിവായി മത്സരിക്കുന്ന 16-ാം വാർഡ് സി.പി.എമ്മിന് വിട്ടുനൽകി. പകരം എട്ടാം വാർഡ് സി.പി.ഐക്ക് നൽകും. പുറമെ 7,13 വാർഡുകളിലും സി.പി.ഐ മത്സരിക്കും. ഇത് 16-ാം വാർഡിലെ സി.പി.ഐ ബ്രാഞ്ചിൽ പൊട്ടിത്തെറിക്ക് കാരണമാകും. നേരത്തെ വിഷയം ചർച്ചക്ക് വന്നതോടെ പ്രകോപിതരായി ഒരു വിഭാഗം ഇറങ്ങിപ്പോയിരുന്നു. എടത്തലയിൽ സി.പി.ഐയുടെ കൈവശമിരുന്ന 14-ാം വാർഡും സി.പി.എം ഏറ്റെടുത്തു. പകരം എടത്തല ബ്‌ളോക്ക് ഡിവിഷൻ ജനതാദളിൽ നിന്നെടുത്ത് സി.പി.ഐക്ക് നൽകും.

ഒരു സി.പി.ഐ പ്രവർത്തകന്റെ നേതൃത്വത്തിൽ ചിലർ സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതിന്റെ പേരിലാണ് നാല് സീറ്റുണ്ടായിരുന്ന പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം മൂന്നായി കുറക്കാൻ സി.പി.എം ചരടുവലിക്കുന്നത്. ആരെങ്കിലുമൊരാൾ പാർട്ടി വിട്ടാൽ സീറ്റും കൊണ്ടല്ല പോകുന്നതെന്നാണ് സി.പി.ഐ പറയുന്നത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്നാണ് സി.പി.ഐ നിലപാട്.

ചൂർണിക്കരയിൽ സി.പി.ഐ മത്സരിക്കാൻ ആഗ്രഹിച്ച പത്താം വാർഡ് വിട്ടുതരാത്തതിനെ തുടർന്ന് ലോക്കൽ കമ്മിറ്റിയംഗം എം.എ. യൂസഫ് സ്വതന്ത്രനായി മത്സരിക്കും. 11,14 വാർഡുകളാണ് സി.പി.ഐക്ക് ലഭിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എം.ജെ. ടോമി, പി. നവകുമാരൻ, കെ.എൽ. ജോസ്, ടി.ആർ. അജിത്ത്, പി. മോഹനൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.