zeebra
സീബ്ര ലൈൻ

കോലഞ്ചേരി: ദേശീയ പാതയിലുൾപ്പടെ സംസ്ഥാന റോഡുകളിൽ എല്ലാം തന്നെ ഇപ്പോൾ റോഡു മുറിച്ചു കടക്കാൻ വെള്ള വര (സീബ്ര‌ ലൈൻ) ഉണ്ട്. എന്നാൽ വെള്ളവരകൾ വെള്ളത്തിലെ വരകൾ പോലെയാകുന്നുവെന്നാണ് വഴിയാത്രക്കാരുടെ പരാതി. വെള്ള വര മുറിച്ചു കടക്കുന്നവർക്ക് വാഹന ഡ്രൈവർമാർ ഒരു പരിഗണന പോലും നല്കുന്നില്ല. സീബ്ര ലൈനിലൂടെ യാത്രക്കാർ പകുതി ഭാഗത്ത് എത്തിയാൽ പോലും വാഹന വേഗം കുറയ്ക്കാതെ അമിത വേഗതയിൽ കടന്നു പോവുകയാണെന്ന് യാത്രക്കാർ പറയുന്നു. ഇരു ചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളുമാണ് ഇത്തരത്തിൽ ഒരു പരിഗണനയും കൊടുക്കാതെ കടന്നു പോകുന്നതിലധികവും.

കൊച്ചി ധനുഷ്‌കോടി ദേശീയ പാത കോലഞ്ചേരിയിൽ കോളേജ് ഗേ​റ്റിനു മുന്നിലും, സ്കൂളിനു മുന്നിലുമാണ് സീബ്ര ലൈനുള്ളത്. വര വഴി റോഡ് മുറിച്ചു കടക്കാൻ സർക്കസ് പഠിക്കേണ്ട സ്ഥിതിയാണ്. റോഡു മുറിച്ച് കടക്കുന്ന യാത്രക്കാരെ ശ്രദ്ധിക്കാതെ അമിത വേഗതയിലാണ് വാഹനങ്ങൾ ചീറിയടുക്കുന്നത്. ഇടിക്കാതിരിക്കാൻ ഇരു വശത്തേയ്ക്കും ഓടി മാറുകയോ, തട്ടി വീഴ്ത്താനെത്തുന്ന വാഹനങ്ങളുടെ മുന്നോട്ടോ, പിന്നോട്ടോ ചാടി മാറിയാൽ മാത്രമാണ് ജീവൻ രക്ഷപ്പെടൂ എന്ന സ്ഥിതിയാണ്.

ആഴ്ചയിൽ ഒരപകടമെങ്കിലും പതിവ്

യാത്രക്കാർ സീബ്ര ലൈനിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇരു വശത്തു നിന്നും വരുന്ന വാഹനങ്ങൾ രണ്ട് മീ​റ്ററിന് അപ്പുറം നിർത്തി യാത്രക്കാർ റോഡ് മുറിച്ച് കടന്നതിനു ശേഷം മാത്രമെ വാഹനം കടന്നു പോകാവൂ എന്നാണ് നിയമം. എന്നാൽ ഇത് ഒരിക്കൽ പോലും പാലിക്കപ്പെടാറില്ല. കോലഞ്ചേരിയിൽ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ആഴ്ചയിൽ ഒരപകടമെങ്കിലും പതിവാണ്. ഉപകാരമില്ലെങ്കിലും കോലഞ്ചേരി ദേശീയ പാതയിലെ മാഞ്ഞു തുടങ്ങിയ സീബ്ര ലൈൻ നാളിതു വരെ പുനസ്ഥാപിച്ചിട്ടുമില്ല.

പിഴ ഈടാക്കും

റോഡു മുറിച്ചു കടക്കുന്നവർ സീബ്ര ലൈനിൽ കയറിയാൽ വാഹനം നിർത്തി കൊടുക്കണം, അല്ലാത്ത വാഹനങ്ങൾക്കെതിരെ ട്രാഫിഫ് നിയമലംഘനത്തിനുള്ള പിഴ ഈടാക്കും.

എസ്.എച്ച്.ഒ പുത്തൻകുരിശ് പൊലീസ്