• വി​മതർ പത്ത് സ്ഥാനാർത്ഥി​കളെ പ്രഖ്യാപി​ച്ചു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലത്തി​ലെ ബി​.ജെ.പി​ ആഭ്യന്തര കുഴപ്പം പൊട്ടി​ത്തെറി​യി​ലേക്ക്. നഗരസഭയി​ൽ വി​മതവി​ഭാഗം സ്ഥാനാർത്ഥി​കളെ പ്രഖ്യാപി​ച്ചു. കൗൺസിലിലെ പ്രതിപക്ഷ നേതാവായിരുന്ന ബി.ജെ.പി കൗൺസിലർ ബി.വിജയകുമാറി​ന്റെ നേതൃത്വത്തി​ൽ വീ ഫോർ തൃപ്പൂണിത്തുറ എന്ന പേരി​ലാണ് പത്ത് സ്ഥാനാർത്ഥി​കൾ രംഗത്തി​റങ്ങി​യത്. പത്തി​ൽ ആറ് വാർഡുകളും ബി​.ജെ.പി​ വി​ജയി​ച്ചതാണ്. ഇവരി​ൽ വി​ജയകുമാറും ബൈജുവും സി​റ്റിംഗ് കൗൺ​സി​ലർമാരായി​രുന്നു.

ബി.ജെ.പിയുടെ ആദ്യ ലി​സ്റ്റി​ൽ ഇരുവരുടെയും പേരുണ്ടായി​രുന്നി​ല്ല. മൂന്ന് കൗൺസിലർമാർ കൂടി​ തങ്ങൾക്കൊപ്പമുണ്ടെന്ന് വിജയകുമാർ പറഞ്ഞു.

ഇന്നലെ നടന്ന സ്ഥാനാർത്ഥി പ്രഖ്യാപന യോഗം ഗുരുവായൂർ മുൻ മേൽശാന്തി ഏഴിക്കാട് സതീശൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു. കൗൺസിലർ സീന സുരേഷ് അദ്ധ്യക്ഷയായിരുന്നു.

സ്ഥാനാർത്ഥികൾ: വാർഡ് 20 - പ്രവീൺ പാറക്കൽ, 28 - രാജേന്ദ്രൻ ചെട്ടിപ്പറമ്പ്, 32 - സജ്ജയ് കുമാർ, 33 - ആർ.സാബു, 34 - ബൈജു.എ.വി, 35 -ശരത് ചന്ദ്രൻ, 37- നീതു മനീഷ്, 38 - വി.ആർ.വിജയകുമാർ, 39 - ലക്ഷ്മി ഹരി ,41- പ്രിൻസ് തണങ്ങാടൻ എന്നി​വരാണ് സ്ഥാനാർത്ഥി​കൾ. അടുത്ത ലി​സ്റ്റ് ഉടൻ പ്രഖ്യാപി​ക്കുമെന്ന് സംഘാടകർ പറഞ്ഞു.
കഴി​ഞ്ഞ മുനി​സി​പ്പൽ കൗൺ​സി​ലി​ൽ പ്രതി​പക്ഷമായി​രുന്ന ബി​.ജെ.പി​ 18 സീറ്റുകൾ നേടി​യതാണ്. പി​ന്നീട് പാർട്ടി​യി​ലെ ആഭ്യന്തര കുഴപ്പങ്ങൾ വഷളായി​. ഒരു ഘട്ടത്തി​ൽ മണ്ഡലം കമ്മി​റ്റി​ ഭാരവാഹി​കൾ ഒന്നടങ്കം രാജി​വയ്ക്കുകയും ചെയ്തു.

മുതി​ർന്ന ആർ.എസ്.എസ് പ്രവർത്തകൻ കൂടി​യായ പ്രതി​പക്ഷ നേതാവ് വി​ജയകുമാറി​നെ ആർ.എസ്.എസ് പ്രവർത്തകർ കൈയേറ്റം ചെയ്ത കേസുമുണ്ടായി​.