ആലുവ: ശക്തമായ ഗ്രൂപ്പ് വടംവലിയിലൂടെ ഒരു മാസം മുമ്പ് കോൺഗ്രസ് കടുങ്ങല്ലൂർ ഈസ്റ്റ് മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. സലീം സി.പിഎമ്മിൽ ചേർന്നു. ഇതേതുടർന്ന് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ സലീമിനെ ഇടത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 'ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തനത്തിനും വ്യക്തതയുള്ള നിലപാടിനുമുള്ള അംഗീകാരം' എന്ന് സൂചിപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പി.കെ. സലീമിന് അഭിനന്ദനം അർപ്പിച്ച് സ്ഥാപിച്ച ഫ്‌ളക്‌സ് നീക്കുന്നതിന് മുമ്പാണ് പാർട്ടി വിട്ടത്. കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് സലീം ഉൾപ്പെടെയുള്ളവരുടെ ഭാരവാഹിപട്ടിക ബ്‌ളോക്ക് കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചായി കടുങ്ങല്ലൂരിലെ കോൺഗ്രസ് കമ്മിറ്റി യോഗം അലങ്കോലപ്പെട്ട സാഹചര്യവുമുണ്ടായി. സി.പി.എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാന്റെ നേതൃത്വത്തിൽ സലീമിന് സി.പി.എം പതാക കൈമാറി.

പുതുതലമുറക്ക് മാതൃകയായി ടി.കെ. ഷാജഹാൻ

ആലുവ: രണ്ട് വട്ടം ബ്‌ളോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് മികച്ച വിജയം നേടിയ സി.പി.എം നേതാവ് ടി.കെ. ഷാജഹാൻ യുവതലമുറക്ക് വഴിയൊരുക്കാൻ ഇക്കുറി മത്സരരംഗത്തില്ല. ഒരാൾക്ക് തുടർച്ചയായി മൂന്ന് ടേം മത്സരിക്കുന്നതിന് സി.പി.എ അനുമതിയുണ്ടെങ്കിലും ഇക്കുറി മത്സര രംഗത്ത് നിന്നും മാറിനിൽക്കാൻ സി.പി.എം ഈസ്റ്റ് ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ ടി.കെ. ഷാജഹാൻ സ്വയം തീരുമാനിക്കുകയായിരുന്നു.

ഏരിയ കമ്മിറ്റി യോഗത്തിലും ലോക്കൽ കമ്മിറ്റിയിലുമെല്ലാം ഇദ്ദേഹം മത്സരിക്കണമെന്ന ആവശ്യമുയർന്നെങ്കിലും തീരുമാനത്തിൽ നിന്ന് ഷാജഹാൻ പിൻമാറിയില്ല. നിലവിൽ ആലങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ്. ഇക്കുറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറലായതിനാൽ ടി.കെ. ഷാജഹാൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.