പെരുമ്പാവൂർ: മകളുടെ വിവാഹത്തിന് 10 നിർധന കുടുംബങ്ങൾക്ക് ഭൂമി ദാനം ചെയ്ത് വളയൻചിറങ്ങരയിൽ വ്യവസായിയായ നെല്ലിക്കൽ ഷാജിയും ഭാര്യ ഇന്ദുലേഖയും. ഇവരുടെ മകൾ ഡോ. ആതിരയും ആലുവ ഉളിയന്നൂർ പുലരിയിൽ ശശികുമാറിന്റെയും ഗീതയുടേയും മകൻ വിവേകും തമ്മിലുളള വിവാഹമാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവാഹം ലളിതമായി നടത്തേണ്ടി വന്നതിനാൽ ആഘോഷങ്ങൾക്കായി കരുതിയ തുകയ്ക്കുള്ള സ്ഥലം നിർധന കുടുംബങ്ങൾക്ക് വീടുവയ്ക്കുന്നതിനായി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഷാജി പറഞ്ഞു.
വളയൻചിറങ്ങരക്ക് സമീപം പാതാളപ്പറമ്പിലാണ് വഴിയുൾപ്പെടെ 40 സെന്റ് സ്ഥലം ഇവർ ദാനമായി നൽകുന്നത്. വ്യാഴാഴ്ച വിമ്മല ക്ഷേത്രത്തിൽ സംഘടിപ്പിച്ച ലളിതമായ വിവാഹ ചടങ്ങിൽ വി.പി.സജീന്ദ്രൻ എം.എൽ.എ. 10 കുടുംബങ്ങൾക്ക് സ്ഥലത്തിന്റെ രേഖകൾ കൈമാറി. നാട്ടിലെ പൊതുപ്രവർത്തകരുീ ജനപ്രതിനിധികളുമുൾപ്പെടുന്ന സമിതി രൂപവത്കരിച്ചാണ് വെങ്ങോല, മഴുവന്നൂർ, രായമംഗലം പഞ്ചായത്തുകളിൽ നിന്നായി അർഹതയുളളവരെ കണ്ടെത്തിയത്.