kutty

കൊച്ചി: കൊവിഡിനെ ഭയന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ നിർവാഹമില്ല. എന്നാൽ ദീപാവലിയുടെ തിളക്കം ഒട്ടും കുറയാനും പാടില്ല. കൊവിഡ് കാലത്തെ ദീപാഘോഷത്തിന് മിഴിവേകുന്നതിനായി രാജ്യത്തെമ്പാടുമുള്ള കുട്ടികൾ ഒരാഴ്ച മുമ്പ് വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ ഒത്തുചേർന്നു. ദീപാവലി ദിനത്തിൽ തെളിക്കാനുള്ള ദിയയുടെ ( വിളക്ക് ) സ്റ്റാൻഡു നിർമ്മിച്ചാലോ എന്ന് അഭിപ്രായം ഉയർന്നു. വീട്ടിലും പരിസരത്തുമുള്ള സാധനങ്ങൾ കൊണ്ട് സ്റ്റാൻഡുകൾ ഉണ്ടാക്കാൻ കുട്ടികൾ നിശ്ചയിച്ചു.

ഐസ്ക്രീം സ്റ്റിക്, പഴയ സി.ഡികൾ, തുണിത്തരങ്ങൾ,ചോക്കോസ് പായ്ക്കറ്റ്, പത്രങ്ങൾ, ചിരട്ട, വാഴത്തണ്ട്,പഴയ പ്ളാസ്റ്റിക് കപ്പുകൾ, കാഡ്‌ബോർഡ്, ഒട്ടിക്കുന്ന പൊട്ട്, പിസ്റ്റയുടെ തോട്, അങ്ങനെ വീടിന്റെ അകത്തളങ്ങളിൽ ഉപേക്ഷിച്ചിരുന്ന പഴകിയ വസ്തുക്കളെല്ലാം കുട്ടികൾക്ക് അസംസ്കൃത വസ്തുക്കളായി . ദിവസങ്ങൾക്കുള്ളിൽ അവയെല്ലാം ആകർഷകമായ വിളക്കു സ്റ്റാൻഡുകളായി മാറി. 6 -14 പ്രായക്കാരാണ് ഈ കലാപരിപാടിയിൽ പങ്കുചേർന്നത്. പട്ടാമ്പിക്കാരായ മൂന്നു കുട്ടികൾ ചേർന്ന് നിർമ്മിച്ച വാഴത്തണ്ട് സ്റ്റാൻഡ് ശ്രദ്ധ പിടിച്ചുപറ്റി.

ആർ.ഇ.എ.ഡി ( റീഡ്, എക്‌സ്‌പ്ളോർ, ആസ്ക്, ഡിസ്‌കവർ ) ക്ളബ്ബ് പ്രവർത്തകരായ ദീപാലക്ഷ്മിയും സംഗീതയുമാണ് കുട്ടികളിൽ പുതിയ ആശയത്തിന്റെ വിത്തുപാകിയത്. എറണാകളും, പട്ടാമ്പി, മധുര, മുംബയ് തുടങ്ങി പല സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ചേർന്ന് ആകെ 19 സ്റ്റാൻഡുകളാണ് ഉണ്ടാക്കിയത്.