കൊച്ചി : വാളയാറിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതേ വിട്ട വിചാരണക്കോടതിയുടെ നടപടി റദ്ദാക്കി പുനർവിചാരണ നടത്തണമെന്നാവശ്യപ്പെട്ട് സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീലിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റി. സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ വലിയ മധു, ചെറിയമധു, ഷിബു, പ്രദീപ് എന്നീ പ്രതികൾക്കെതിരെ ആറു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പ്രദീപ് ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ഇൗ കേസുകൾ ഒഴിവാക്കി നാലു കേസുകളിലെ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്. നിർണായക തെളിവുകളുണ്ടായിട്ടും പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നില്ലെന്നും ഗൗരവമേറിയ വസ്തുതകൾ കോടതി പരിഗണിച്ചില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. രഹസ്യമൊഴിയടക്കമുള്ള തെളിവുകൾ കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ വാദിച്ചു.