കൊച്ചി: കേരളത്തിലെ റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലെ പ്രശ്‌നങ്ങൾക്കും പരാതികൾക്കും അടുത്ത മാസം പരിഹാരമാകുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സ്റ്റേറ്റ് കൗൺസിൽ ക്രെഡായ് കേരളയുമായി ചേർന്ന് സംഘടിപ്പിച്ച വെർച്വൽ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് സെക്രട്ടറി. നിക്ഷേപവും പദ്ധതികളുമില്ലാതെ കേരളത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. വിഭവശേഷിയിൽ കേരളം മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണ്. ഇതൊക്കെ അനുകൂലമാക്കാൻ കഴിയണം. ആയാസരഹിത ബിസിനസ് എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന ഏകജാലക സംവിധാനമായ കെസ്വിഫ്റ്റ് നിർമ്മാണമേഖലയ്ക്കും ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരള റെറയുടെ വെബ് പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടർ മിർ മുഹമ്മദലി എന്നിവർ സംസാരിച്ചു.ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ ആമുഖപ്രഭാഷണം നടത്തി. ചർച്ചയിൽ ക്രെഡായ് കേരള കൺവീനർ ജനറൽ രഘുചന്ദ്രൻ നായർ, ക്രെഡായ് നാഷണൽ ജോയിന്റ് സെക്രട്ടറി ഡോ. നജീബ് സക്കറിയ എന്നിവർ മോഡറേറ്റർമാരായി.