*തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനം മോശമായാൽ സ്ഥാനം തെറിക്കും
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി ചുമതല നൽകിയ ബി.ജെ.പി നേതാക്കളുടെ പ്രകടനം മോശമായാൽ സ്ഥാനം തെറിക്കും. ഇവരുടെ കാര്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം ആർ.എസ്.എസ് നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ പാർട്ടി അദ്ധ്യക്ഷന് കേന്ദ്ര നേതൃത്വം പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്..
. സംസ്ഥാന ,ജില്ല ,മണ്ഡലം ഭാരവാഹികൾ കഴിഞ്ഞ ആറ് മാസമായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല നിർവഹിക്കുന്നു. ചുമതലയിൽ അലസരാവുകയോ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തുകയോ ചെയ്താൽ, തിരഞ്ഞെടുപ്പിന് ശേഷം പ്രകടനം വിലയിരുത്തും. പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ആർ.എസ്.എസ് നേതൃത്വത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ്.
തിരുവനന്തപുരം ഉൾപ്പെടെ ചില ജില്ലകളിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഉയർന്നുവന്ന വിമതശബ്ദത്തിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് നേതാക്കളാണെന്ന് നേതൃത്വത്തിന് വ്യക്തമായിട്ടുണ്ട്.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ചും കഴിഞ്ഞ ദിവസത്തെ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സ്വർണക്കടത്തും, സി.പി.എം - കോൺഗ്രസ് സഖ്യവും പ്രചാരണ വിഷയങ്ങളാക്കും.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പദ്ധതിക്ക് രൂപം നൽകി. തൃപ്പൂണിത്തുറ പോലുള്ള നഗരസഭാ ഭരണം നേടാനും പാലക്കാട് നഗരസഭ ഭരണം നിലനിറുത്താനും ശ്രമിക്കും. കണ്ണൂർ കോർപ്പറേഷനിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കും. സംസ്ഥാനത്തെ നിരവധി ഗ്രാമപഞ്ചായത്തുകളുടെെ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം.