കൊച്ചി: ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഫീസടച്ച് അപേക്ഷിക്കാൻ മൂന്നു ദിവസം മാത്രം അനുവദിച്ച വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ വിദ്യാർത്ഥികൾ വലയുന്നു. ഡിസംബർ 18 മുതൽ നടക്കുന്ന ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാ വിജ്ഞാപനം ബുധനാഴ്ച വൈകിട്ടാണ് പുറത്തിറക്കിയത്. ഇതു പ്രകാരം പരീക്ഷാ കേന്ദ്രങ്ങളിൽ ഫീസടച്ച് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 16 ആണ്. ആകെയുള്ള അഞ്ച് ദിവസങ്ങളിൽ ദീപാവലിയും ഞായറാഴ്ചയും അവധി ദിനങ്ങൾ വരുന്നതോടെ മൂന്നു ദിവസം മാത്രമാണ് അപേക്ഷാ സമർപ്പണത്തിന് ലഭിക്കുക.

റഗുലർ, ഓപ്പൺ സ്‌കൂൾ, കമ്പാർട്ട്‌മെന്റൽ വിഭാഗങ്ങളിൽ ആയിരത്തിനടുത്ത് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന കേന്ദ്രങ്ങളുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽപോലും വെറും മൂന്നു ദിവസങ്ങളിലായി അപേക്ഷയും ഫീസും സ്വീകരിച്ച് പരീക്ഷാ റജിസ്‌ട്രേഷൻ നടത്തുകയെന്നത് അപ്രായോഗികമാണ്.

പരീക്ഷാ ഫീസടയ്ക്കാൻ ബുദ്ധിമുട്ടണം
ഓരോ വിഷയത്തിനും യഥാക്രമം 175, 225 രൂപക്കു പുറമെ 40 രൂപ സർട്ടിഫിക്കറ്റ് ഫീയായും ഒടുക്കണം. ഇക്കുറി ഫീസ് അടക്കാൻ സാധിക്കാത്തവർക്ക് സൂപ്പർ ഫൈനായി 300 രൂപ നൽകിയാലേ പരീക്ഷ എഴുതാൻ സാധിക്കൂ.

കൊവിഡിൽ പരീക്ഷ വെല്ലുവിളിയാവും
ഒന്നാം വർഷ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും ഒപ്പം രണ്ടാം വർഷ പരീക്ഷയിൽ പരാജയപ്പെട്ടവർക്കും ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാനാവും. അതുകൊണ്ട് തന്നെ കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുക വെല്ലുവിളിയാവും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കേണ്ടതും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.

തീയതി നീട്ടി നൽകണം

അർഹരായ വിദ്യാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ സംവിധാനമുണ്ടാവണം. വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാവാതിരിക്കാൻ തീയതി നീട്ടി നൽകണം.

അനിൽ എം. ജോർജ്

സംസ്ഥാന ഭാരവാഹി
എച്ച്.എസ്.എസ്.ടി. എ