കോലഞ്ചേരി: ചെറുപ്പക്കാരെ കളത്തിലിറക്കി ത്രിതല തിരഞ്ഞെടുപ്പിൽ വിജയം വരിക്കാൻ കുന്നത്തുനാട്ടിലെ മുന്നണികൾ ഒരുങ്ങി. എട്ട് പഞ്ചായത്തുകളിലും മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയായി. കിഴക്കമ്പലത്ത് ട്വന്റ് 20 നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. അക്ഷരാർത്ഥത്തിൽ ന്യൂ ജെൻ തിരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുന്നത്. ഇരുപത്തിയഞ്ചു വയസിൽ താഴെയുള്ളവരാണ് മത്സരിക്കുന്നവരിലധികം. മുതിർന്ന നേതാക്കളിൽ ചിലരും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. കുന്നത്തുനാട്ടിൽ എൽ.ഡി.എഫിൽ സഹകരണ ബാങ്ക് പ്രസിഡന്റ് നിസ്സാർ ഇബ്രാഹിം, യു.ഡി.എഫിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡനന്റ് ടി.എ ഇബ്രാഹിം, ബ്ളോക്ക് ഡിവിഷനിലേയ്ക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, മുൻ പഞ്ചായത്തംഗം എ.പി. കുഞ്ഞുമുഹമ്മദ് ഇവരിൽ ഒരാൾ, കിഴക്കമ്പലത്ത് എൽ.ഡി.എഫിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ അനിൽകുമാർ, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.കെ ഏലിയാസ്, ലോക്കൽ കമ്മിറ്റിയംഗം ബിജു മാത്യു, യു.ഡി.എഫിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാസ് കാരിപ്ര, ബ്ലോക്ക് ഡിവിഷനിലേയ്ക്ക് ബാബു സെയ്താലി, ജില്ലാ പഞ്ചായത്തിലേയ്ക്ക് എം.പി. രാജൻ, മഴുവന്നൂരിൽ യു.ഡി.എഫിലെ കെ.വി എൽദോ, മുൻ പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ, എൽ.ഡി. എഫിലെ ജോർജ് ഇടപ്പരത്തി, ടി.എസ് ജോസ്, കെ.പി വിനോദ്കുമാർ, തിരുവാണിയൂരിൽ എൽ.ഡി.എഫിലെ റെജി ഇല്ലിക്കപ്പറമ്പിൽ, ഐക്കരനാട്ടിൽ യു.ഡി.എഫിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് രാജി എന്നിവർ മത്സരിക്കുമെന്ന് ഉറപ്പായി. നിയോജകമണ്ഡലത്തിൽപ്പെട്ട എട്ടു പഞ്ചായത്തുകളിലെ 137 വാർഡുകളിലും സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം.