ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിന് സീറ്റ് നൽകാതെ കോൺഗ്രസ് നേതൃത്വം പൂർണമായി അവഗണിച്ചതിനെതിരെ സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ യു.ഡി.എഫ് കക്ഷികളിൽ രണ്ടാമത്തെ പ്രബലകക്ഷിയായ കേരള കോൺഗ്രസിനെ ആലുവയിൽ കോൺഗ്രസ് അവഗണിക്കുകയാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് കോയിക്കര, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡൊമിനിക്ക് കാവുങ്കൽ എന്നിവർ ആരോപിച്ചു. മണ്ഡലത്തിലെ 152 വാർഡുകളിൽ ഒരിടത്തും പാർട്ടിക്ക് സീറ്റ് അനുവദിച്ചില്ല. തരാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയിൽ മത്സരിക്കുന്നത്. ആലുവ നഗരസഭയിൽ യു.ഡി.എഫിന്റെ പേരിൽ കോൺഗ്രസ് മാത്രമാണ് മത്സരിക്കുന്നത്. കോൺഗ്രസ് മാത്രം മത്സരിച്ചാൽ യു.ഡി.എഫ് ആകില്ല.
ഈ സാഹചര്യത്തിൽ ആലുവ നഗരസഭയിൽ 1,9,14,16,18 വാർഡുകളിലും, ചൂർണ്ണിക്കരയിൽ 1,02,17,18 വാർഡുകളിലും, കാഞ്ഞൂർ പഞ്ചായത്തിൽ 1,04,05 വാർഡുകളിലും, എടത്തലയിൽ 3,4 വാർഡുകളിലും,
കീഴ്മാട് പഞ്ചായത്തിൽ 13,14 വാർഡുകളിലും, പാറപ്പുറം ബ്ളോക്ക് ഡിവിഷനിലും പാർട്ടി സ്വന്തം നിലയിൽ മത്സരിക്കും.
നിയോജക മണ്ഡലം പ്രസിഡന്റ് സിജു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതാധികാര സമിതിയിൽ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിബു ആന്റണി, റാഫേൽ ലാസർ, സ്റ്റീഫൻ പഴംപിള്ളി, ജോയി കാച്ചപ്പിള്ളി, ബിജോയി കല്ലൂക്കാരൻ, ഫ്രാൻസിസ് വേവുകാട്ട്, സന്തോഷ് ജോൺ, ജോളി അമ്പാട്ട്, വി.എ. ജോയി തുടങ്ങിയവരും പങ്കെടുത്തു.